1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2020

സ്വന്തം ലേഖകൻ: നിസർ​ഗ ചുഴലിക്കാറ്റ് കരയിലെത്തി. റായ്​ഗഡ് ജില്ലയിലാണ് നിസർ​ഗ കരതൊട്ടു തുടങ്ങിയത്. മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് ശക്തമായ കടൽക്ഷോഭം അനുഭവപ്പെടുന്നു. മുംബൈയിൽ 110 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശുകയാണ്. വരും മണിക്കൂറുകളിൽ ചുഴലിക്കാറ്റ് ദുർബലമാകും.

മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീരം തൊട്ടത്. എന്നാല്‍ മുംബൈയിലെത്തിയതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായി കുറഞ്ഞു.

മുംബൈയില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായി. പല ഭാഗങ്ങളിലും വെദ്യുതി ഫോണ്‍ലൈനുകള്‍ താറുമാറായി. ഒട്ടേറെ ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ ജനജീവിതം താറുമാറായി

ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വൈകീട്ട് ഏഴ് മണിവരെ നിര്‍ത്തിവെച്ചു.മുംബൈയില്‍ നിന്നുള്ളതും മുംബൈയിലേക്ക് വരുന്നതുമായ ട്രെയിനുകള്‍ നേരത്തെ സമയം പുനഃക്രമീകരിച്ചിരുന്നു. വരും മണിക്കൂറുകളിലും മുംബൈയില്‍ ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിൽ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസർഗ. ഒരു നൂറ്റാണ്ട് കാലത്ത് മുംബൈ നഗരത്തിൽ ആഞ്ഞടിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റും. 129 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്. മുംബൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴമാപിനികൾ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് 33 മില്ലിമീറ്റർ മഴയാണ് ഇന്നലെ രാത്രി മാത്രം മുംബൈ നഗരത്തിൽ പെയ്തത്. കടൽ കാര്യമായി കരയിലേക്ക് കയറാൻ സാധ്യതയുണ്ടെന്നും, നഗരത്തിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്.

കൊവിഡ് മഹാമാരിയായി പടരുന്നതിനിടെയാണ് മുംബൈയിൽ ചുഴലിക്കാറ്റും ആഞ്ഞടിക്കുന്നത് എന്നതാണ് ആശങ്കയേറ്റുന്നത്. ബീച്ചുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നീ ഇടങ്ങളിൽ ആരും എത്തരുതെന്ന് ബൃഹൻമുംബൈ കോർപ്പറേഷൻ അധികൃതരും പൊലീസും ക‍ർശനനിർദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ദാമൻ & ദിയു, ദാദ്ര & നാഗർഹവേലി എന്നീ തീരങ്ങൾ അതീവജാഗ്രതയിലാണ്.

എല്ലാവരും വീടിനകത്ത് തന്നെ ഇരിക്കണമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളോട് അഭ്യർത്ഥിച്ചത്. ”സംസ്ഥാനം ഇപ്പോൾ നേരിടുന്ന കൊവിഡ് വെല്ലുവിളിയേക്കാൾ വലുതാകാം ഇപ്പോഴത്തെ ചുഴലിക്കാറ്റ്. ലോക്ക്ഡൗൺ ഇളവുകൾ അടുത്ത രണ്ട് ദിവസത്തേക്ക് ഉണ്ടാകുന്നതല്ല. എല്ലാവരും ജാഗ്രതയിൽ തുടരണം”, എന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്. 70,000-ത്തിലധികം കൊവിഡ് കേസുകളുണ്ട് നിലവിൽ മുംബൈയിൽ.

അതേസമയം മുംബൈ വിട്ട നിസര്‍ഗ ഗുജറാത്ത് തീരത്തേക്ക് നീങ്ങിയതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.