
സ്വന്തം ലേഖകൻ: ഇന്ത്യ വിട്ട് കരീബിയന്‍ ദ്വീപായ ട്രിനിഡാഡ് ആന്‍റ് ടുബാഗോയ്ക്ക് സമീപം ദ്വീപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ച ആള്‍ദൈവം നിത്യാനന്ദ രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് നല്‍കുന്നത് വമ്പന്‍ വാഗ്ദാനങ്ങള്‍. കൈലാസ എന്ന് പേരിട്ടിരിക്കുന്ന രാജ്യത്ത് റിസര്‍വ്വ് ബാങ്ക് മുതല്‍ സര്‍വ്വകലാശാല വരെയുണ്ടാവുമെന്നാണ് നിത്യാനന്ദയുടെ പ്രഖ്യാപനം.
സ്വന്തം രാജ്യങ്ങളില്‍ ഹിന്ദുവിസം ശരിയായ രീതികളില്‍ പിന്തുടരാന്‍ ബുദ്ധിമുട്ട് നേരിടുന്ന ഹിന്ദുക്കളെയാണ് നിത്യാനന്ദ കൈലാസത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. വിക്കിപീഡിയയ്ക്ക് സമാനമായി നിത്യാനന്ദപീഡിയയും റിസര്‍വ്വ് ബാങ്കിന് സമാനമായി ഹിന്ദു ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് റിസര്‍വ്വ് ബാങ്കും ഹിന്ദു സര്‍വ്വകലാശാല, ഗുരുകുലം, സേക്രട് ആര്‍ട്സ് സര്‍വ്വകലാശാല, നിത്യാനന്ദ ടിവി, ഹിന്ദുവിസം നൗ എന്നീ ചാനലുകളുമടക്കം വന്‍ സംവിധാനങ്ങളാണ് കൈലാസത്തിൽ എന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്.
ക്രിപ്റ്റോ കറന്‍സി വഴിയാകും ഹിന്ദു ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് റിസര്‍വ്വ് ബാങ്കിലേക്ക് സംഭാവനകള്‍ സ്വീകരിക്കുക. ധര്‍മ സംരക്ഷണമാണ് ക്രിപ്റ്റോ കറന്‍സിയിലൂടെ ലക്ഷ്യമിടുന്നതെന്നും കൈലാസ വിശദമാക്കുന്നു. നിത്യാനന്ദയുടെ പഠനങ്ങളും ആശയങ്ങളും പ്രബോധനങ്ങളുടേയും ഒരുകുടക്കീഴില്‍ എത്തിക്കുകയാവും നിത്യാനന്ദപീഡിയ ചെയ്യുന്നതെന്നാണ് അവകാശവാദം. നിത്യാനന്ദയുടെ അനുനായികള്‍ക്ക് ഇതുവരെ നല്‍കിയിട്ടുള്ളതും ഇനി നല്‍കാന്‍ പോവുന്ന സേവനങ്ങളും നിത്യാനന്ദ പീഡിയ പുറത്തെത്തിക്കും.
കൈലാസത്തിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയിരിക്കും. രണ്ടാം ഭാഷ സംസ്കൃതവും മൂന്നാം ഭാഷ തമിഴുമാണ്. 100 മില്യണ്‍ ആദി ശൈവ വിശ്വാസികള്‍ കൈലാസത്തിലുണ്ടെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ദക്ഷിണ ഏഷ്യയിലെ യഥാര്‍ത്ഥ ഹിന്ദുവിസം പിന്‍തുടരുന്നവര്‍ തനിക്കൊപ്പമെത്തുമെന്നും നിത്യാനന്ദ പറയുന്നു. രണ്ട് വിഭാഗങ്ങളിലുള്ള പാസ്‍പോര്‍ട്ടാണ് കൈലാസ നല്‍കുന്നത്. പരമശിവന്‍റെ അനുഗ്രഹത്താല്‍ ഈ പാസ്‍പോര്‍ട്ട് ഉപയോഗിച്ച് പതിനൊന്ന് ദിശകളിലേക്കും പതിനാല് ലോകത്തേക്കും പ്രവേശിക്കാന്‍ സാധിക്കുമെന്നും നിത്യാനന്ദ വാഗ്ദാനം ചെയ്യുന്നു.
ആരോഗ്യം, സംസ്ഥാനം, സാങ്കേതികത, പ്രബുദ്ധമായ സംസ്കാരം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ഭവന നിര്‍മാണം, വാണിജ്യം, ട്രെഷറി തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെട്ട മന്ത്രിസഭയും നിത്യാനന്ദ ഉറപ്പ് നല്‍കുന്നു. പ്രബുദ്ധമായ സംസ്കാരമെന്നതുകൊണ്ട് സനാതനധര്‍മ്മത്തിന്‍റെ വീണ്ടെടുപ്പാണെന്ന് നിത്യാനന്ദ വിശദീകരിക്കുന്നു. ഹിന്ദു ലൈബ്രറി,യോഗാ ശാസ്ത്രത്തിലെ ഗവേഷണങ്ങളിലൂടെയാണ് സനാതന ധര്‍മ്മം വീണ്ടെടുക്കാന്‍ സാധിക്കുകയെന്നും നിത്യാനന്ദ പറയുന്നു.
നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. പുതിയ പാസ്‌പോര്‍ട്ടിനുള്ള നിത്യാനന്ദയുടെ അപേക്ഷ തള്ളിയിട്ടുമുണ്ട്. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലിലാക്കി വിശ്വാസികളില്‍ നിന്നു പണം പിരിച്ചതിനും അടക്കം നിരവധി കേസുകള്‍ നിത്യാനന്ദയ്‌ക്കെതിരെയുണ്ട്. ഗുജറാത്തിലെ നിത്യാനന്ദയുടെ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കുന്നതിനിടെയ ഇയാൾ കൈലാസത്തിൽ പൊങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല