1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2020

സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യാക്കാരുള്ള രാജ്യം സൗദി അറേബ്യയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയിലെ ചോദ്യത്തിനുത്തരമായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. എന്നാൽ, കഴിഞ്ഞ മൂന്നുവർഷത്തിനിടെ സൗദിയിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി എന്നാണ് മുന്‍വര്‍ഷത്തെ കണക്കും ഇപ്പോഴത്തെ കണക്കും താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത്.

ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണെങ്കിലും മൂന്നു വർഷത്തിനിടെ ഏഴു ലക്ഷത്തോളം പേരുടെ കുറവാണുണ്ടായത്. ലോകത്ത് 203 രാജ്യങ്ങളിൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നും ഇതിൽ സൗദി അറേബ്യയിൽ 25,94,947 പേരാണുള്ളതെന്നുമാണ് വി. മുരളീധരൻ ലോക്സഭയെ അറിയിച്ചത്.

കുവൈത്തിൽ 10,29,861, ഒമാനിൽ 7,79,351, ഖത്തറിൽ 7,56,062, നേപ്പാളിൽ 6,00,000, ബഹ്റൈനിൽ 3,23,292, സിംഗപ്പൂരിൽ 3,50,000, മലേഷ്യയിൽ 2,24,882 എന്നിങ്ങനെയാണ് ഇന്ത്യക്കാരുടെ കണക്ക്. ഇറ്റലിയിൽ 1,72,301 ഉം ജർമനിയിൽ 1,08,965 ഉം കാനഡയിൽ 1,78,410 പേരും ജോലി ചെയ്യുന്നു. ഹോളി സീ, സാൻ മറിനോ, കിരിബാത്തി, ടുവാലു, പാക്കിസ്ഥാൻ എന്നീ അഞ്ച് രാജ്യങ്ങളിൽ ഒരൊറ്റ ഇന്ത്യക്കാരനുമില്ല. മധ്യ അമേരിക്കൻ രാജ്യമായ നികരാഗ്വേയിൽ ഒരു ഇന്ത്യക്കാരൻ മാത്രമേയുള്ളൂ.

കുക്ക് അയലൻഡ്, ലിച്ചെൻസ്റ്റൈൻ എന്നിവിടങ്ങളിൽ അഞ്ചു ഇന്ത്യക്കാരും ക്രൊയേഷ്യയിൽ 10 ഇന്ത്യക്കാരുമാണുളളത്. വർഷങ്ങളായി ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യം സൗദി അറേബ്യ തന്നെയാണ്. 2017 മുതൽ സൗദി അറേബ്യയിൽ നടപ്പാക്കിയ വിദേശികൾക്കുള്ള ലെവി, വിവിധ മേഖലകളിലെ സൗദിവൽക്കരണം, വനിതാവൽക്കരണം എന്നിവ കാരണം നിരവധി വിദേശികൾ സൗദി വിട്ടിരുന്നു. ഇക്കൂട്ടത്തിൽ വൻതോതിൽ ഇന്ത്യക്കാരും തൊഴിൽ നഷ്ടപ്പെട്ട് മറ്റു രാജ്യങ്ങളിലേക്കോ ഇന്ത്യയിലേക്ക് തന്നെയോ കൂടുമാറി.

ഇതാണ് ഇന്ത്യക്കാരുടെ എണ്ണം കുറയാൻ ഇടയാക്കിയത്. 2017 മാർച്ചിൽ 30,39,000 ഇന്ത്യക്കാരായിരുന്നു സൗദിയിലുണ്ടായിരുന്നത്. അതേ വർഷം സെപ്റ്റംബറിൽ അത് 32,53,901 ആയി ഉയർന്നു. പക്ഷേ പിന്നീട് ഓരോ വർഷവും ഇന്ത്യക്കാരുടെ എണ്ണത്തിൽ തുടർച്ചയായ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ആദ്യം 27 ലക്ഷത്തോളം ഇന്ത്യക്കാരുണ്ടായിരുന്നുവെന്നാണ് ഇന്ത്യൻ എംബസിയുടെ കണക്ക്. അതാണിപ്പോൾ 26 ലക്ഷത്തിനടുത്തെത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.