1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2020

സ്വന്തം ലേഖകൻ: ഒമാനില്‍ പ്രവാസികള്‍ക്ക് സ്വന്തമായി ഫ്ലാറ്റുകളും ഓഫീസുകളും വാങ്ങുന്നതിന് അനുമതി നല്‍കി ഗാര്‍ഹിക – നഗരാസൂത്രണ മന്ത്രി ഡോ. ഖല്‍ഫാന്‍ അല്‍ ഷുഐലിയുടെ ഉത്തരവ്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസിയായവര്‍ക്ക് മസ്‌കത്ത് ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലാണ് കെട്ടിടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുക.

ബോഷര്‍, അമിറാത്ത്, സീബ് വിലായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് ഈ വിഭാഗത്തില്‍ പെടുന്ന കെട്ടിടങ്ങള്‍ കൈവശപ്പണയ വ്യവസ്ഥയില്‍ സ്വന്തമാക്കാന്‍ അനുവദിച്ചിരിക്കുന്നത്. 50 വര്‍ഷത്തേക്കായിരിക്കും കരാര്‍ കാലാവധി. ഇത് പിന്നീട് 49 വര്‍ഷത്തേക്കു കൂടി പുതുക്കാവുന്നതാണ്.

കെട്ടിടം വാങ്ങുന്ന വിദേശി 23 വയസിന് മുകളില്‍ പ്രായമുള്ള ആളാവണം. കെട്ടിടങ്ങളിലെ 40 ശതമാനത്തിലധികം യൂണിറ്റുകള്‍ പ്രവാസികള്‍ക്ക് വില്‍ക്കാന്‍ പാടില്ല എന്നും ഒരേ രാജ്യത്ത് നിന്നുള്ളവര്‍ക്ക് 20 ശതമാനം മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും നിബന്ധനയുണ്ട്. ഉടമസ്ഥനും അടുത്ത കുടുംബത്തിനും ഒരു യൂണിറ്റ് മാത്രമേ കൈവശപ്പെടുത്താനാകൂ. വാങ്ങി നാല് വര്‍ഷത്തിന് ശേഷം യൂണിറ്റ് വില്‍ക്കാന്‍ ഉടമക്ക് സാധിക്കും.

പ്രവാസി ഉടമ മരിച്ചാല്‍ നിയമാനുസൃത അനന്തരാവകാശിക്ക് ഈ വസ്തു കൈമാറ്റം ചെയ്യാം. ഉടമയ്ക്ക് ഈ വസ്തു പണയം വയ്ക്കാം. കെട്ടിടത്തിന് ചുരുങ്ങിയത് നാല് നിലയുണ്ടാകണം. ഓരോ പാര്‍പ്പിട യൂണിറ്റിനും ചുരുങ്ങിയത് രണ്ട് മുറികളുണ്ടാകണം. ശുചിമുറി, അടുക്കള തുടങ്ങിയ സൗകര്യങ്ങളുള്ളവയായിരിക്കണം കെട്ടിടം.

നിലവിലെ പാര്‍പ്പിട കേന്ദ്രങ്ങളില്‍ നിന്ന് വിദൂരത്തായിരിക്കണം റിയല്‍ എസ്റ്റേറ്റ് യൂണിറ്റുകൾ. നിര്‍മാണം പൂര്‍ത്തിയായി നാലു വര്‍ഷത്തിലധികമാകരുത് പ്രവാസിക്ക് വില്‍ക്കുന്ന കെട്ടിടങ്ങള്‍. നിര്‍മാണം പൂര്‍ത്തിയായ യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാവൂ. യൂണിറ്റിന്റെ റജിസ്‌ട്രേഷന് വേണ്ടി മൊത്തം തുകയുടെ മൂന്നു ശതമാനം വീതം വാങ്ങുന്നയാളും വില്‍ക്കുന്നയാളും അടക്കണമെന്നും മന്ത്രിയുടെ ഉത്തരവില്‍ വിശദമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.