1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2020

സ്വന്തം ലേഖകൻ: പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് A 320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പി.കെ-8303 വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയില്‍ തകര്‍ന്നു വീണത്. വിമാനം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് കോളനിയിലെ എട്ട് വീടുകള്‍ തകര്‍ന്നു. ഇവിടുത്തെ പരിക്കേറ്റ 20 താമസക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടസ്ഥലത്ത് നിന്ന് വന്‍തോതില്‍ തീയും പുകയും ഉയരുന്നതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് കറാച്ചി വിമാനത്താവളം താത്കാലികമായി അടച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് ലോക്ക്ഡൗണ്‍ ഇളവ് നല്‍കി വിമാന സര്‍വീസിന് പാകിസ്താന്‍ അനുമതി നല്‍കിയത്.

വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പിഐഎ സിഇഒ അർഷാദ് മാലിക് പറഞ്ഞു. വിമാനത്തിന്റെ പൈലറ്റ് അപകടമുന്നറിയിപ്പ് നൽകിയിരുന്നതായി എയർ ട്രാഫിക് മോണിറ്ററിങ്ങ് സൈറ്റായ ‘ലൈവ്എടിസി.നെറ്റ്’ റിപോർട്ട് ചെയ്തു.

വിമാനത്തിലെ എഞ്ചിനുകളിലെ പവർ നിലച്ചെന്നായിരുന്നു പൈലറ്റ് സന്ദേശം നൽകിയത്. “മെയ്‌ഡേ, മെയ്‌ഡേ” എന്ന് വിളിച്ച് തുടർന്ന് അപായ സൂചന നൽകി. 12 സെകൻഡിനുള്ളിൽ വിമാനത്തിൽനിന്നുള്ള ആശയ വിനിമയം നിലച്ചെന്നും വെബ്സൈറ്റിൽ പറയുന്നു. വയർലെസ് ഉപയോഗ ചട്ടം പ്രകാരം അപകട സൂചന നൽകുന്നതിനുള്ള കോഡ് നാമങ്ങളിലൊന്നാണ് മെയ്ഡേ.

വിമാനാപകടത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഞെട്ടൽ രേഖപ്പെടുത്തി. എയർലൈൻസ് മേധാവി അർഷാദ് മാലിക്കുമായി നിരന്തര സമ്പർക്കം പുലർത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കറാച്ചിയിലേക്ക് തിരിച്ചിട്ടുണ്ടെന്നും ഇംറാൻ ഖാൻ അറിയിച്ചു. സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർക്ക് പെട്ടെന്ന് സുഖപ്പെടാൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സംഭവത്തിന് ശേഷം കറാച്ചിയിലെ എല്ലാ പ്രധാന ആശുപത്രികളിലും ആരോഗ്യ, ജനസംഖ്യാ ക്ഷേമ മന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഡോൺ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. 2016 ഡിസംബറിനു ശേഷം പാകിസ്താനിലുണ്ടാവുന്ന ഏറ്റവും വലിയ വിമാനാപകടമാണിത്. 2016 ഡിസംബർ ഏഴിന് പാകിസ്താൻ ഇന്റർനാഷനൽ എയർലൈൻസിന്റെ എടിആർ-42 വിമാനം ചിത്രലിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പറക്കുന്നതിനിടെ തകർന്നിരുന്നു. 48 യാതക്കാരും വിമാന ജീവനക്കാരും അന്ന് മരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.