1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2020

സ്വന്തം ലേഖകൻ: ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ കാണാനില്ലെന്ന പാകിസ്താന്റെ വാദം തെറ്റെന്ന് ഇന്റലിജന്‍സ് സംഘം. റിപ്പോര്‍ട്ടുകള്‍ പ്രകാരം പാരീസില്‍ നടന്ന എഫ്എടിഎഫ് യോഗത്തിന് മുന്നോടിയായി പാകിസ്താന്‍ മസൂദിനെയും കുടുംബത്തെയും സുരക്ഷിതമായി മറ്റൊരു വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

തീവ്രവാദ നിരീക്ഷണ സംഘമായ എഫ്എടിഎഫുമായുള്ള കൂടിക്കാഴ്ചയിലാണ് മസൂദിനെ കാണ്‍മാനില്ലെന്ന് പാകിസ്താന്‍ അറിയിച്ചത്. എന്നാല്‍ പാകിസ്താന്‍ സൈന്യവും ഐഎസ്‌ഐയും ചേര്‍ന്ന് മസൂദിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി ഇന്റലിജന്‍സ് സംഘം പറയുന്നു. ബഹാവല്‍പൂരിലെ സുരക്ഷിത കേന്ദ്രത്തിലേക്കാണ് മസൂദ് അസറിനെയും കുടുംബത്തെയും മാറ്റിയിരിക്കുന്നത്.

ജെയ്ഷെ ഇ മുഹമ്മദിന്റെ പുതിയ ആസ്ഥാനമായ മര്‍ക്കസ് ഉസ്മാന്‍ ഒ അലിയിലും മസൂദ് ഒളിച്ചു താമസിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. കനത്ത സുരക്ഷയില്‍ ബഹാവല്‍പൂര്‍-കറാച്ചി റോഡിലുള്ള ജയ്‌ഷെ ആസ്ഥാനത്താണ് മസൂദിന്റെ ഇപ്പോഴത്തെ വാസം. ബഹാവല്‍പൂര്‍, ഖൈബര്‍ പഖ്തുന്‍ഖ്വ എന്നിവിടങ്ങളിലെ വീടുകളില്‍ മസൂദ് പതിവായി എത്താറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയ്‌ഷെ ഇ മുഹമ്മദ് മേധാവി മസൂദ് അസറിനെ കാണാതായതായി പാകിസ്ഥാന്‍ സാമ്പത്തിക കാര്യ മന്ത്രി ഹമ്മദ് അസ്ഹര്‍ തിങ്കളാഴ്ചയാണ് അറിയിച്ചത്. മസൂദിനെ കാണ്‍മാനില്ലാത്തതിനാല്‍ ഭരണകൂടത്തിന് ഇതുവരെ എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹമ്മദ് വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ തടയല്‍ എന്നിവയ്ക്കായി എഫ്എടിഎഫ് ശുപാര്‍ശ ചെയ്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന നിര്‍ണ്ണായക യോഗത്തിന് മുന്‍പാണ് മസൂദിനെ കാണ്‍മാനില്ലെന്ന പാകിസ്താന്റെ അവകാശവാദം പുറത്തു വരുന്നത്. അതേസമയം, ലഷ്‌കര്‍ ഇ ത്വയ്ബ മേധാവി ഹാഫിസ് സയീദിന് പാക് കോടതി അടുത്തിടെ 11 വര്‍ഷം തടവ് വിധിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.