1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2019

സ്വന്തം ലേഖകൻ: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം എത്തുന്നത് നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്.) പാകിസ്താനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എഫ്.എ.ടി.എഫ്. നിര്‍ദേശിച്ച ഭീകരവിരുദ്ധനടപടികള്‍ സമയപരിധിക്കുള്ളില്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ പാകിസ്താന്‍ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് എഫ്.എ.ടി.എഫ്. കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.

ഒക്ടോബര്‍ 18-ന് ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന. നിലവില്‍ ഗ്രേ പട്ടികയിലുള്ള പാകിസ്താന് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് കരിമ്പട്ടികയ്ക്ക് തൊട്ടുമുന്നിലുള്ള ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. എഫ്.എ.ടി.എഫ്. പ്ലീനറിയില്‍ പങ്കെടുക്കുന്ന ഔദ്യോഗികവൃത്തങ്ങളാണ് പാകിസ്താനെതിരെ സ്വീകരിച്ചേക്കാവുന്ന കടുത്ത നടപടിയെക്കുറിച്ച് സൂചന നല്‍കിയത്. എഫ്.എ.ടി.എഫില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടേക്കുമെന്നും ഇവര്‍ പറയുന്നു.

എഫ്.എ.ടി.എഫ്. നിയമപ്രകാരം ഏറ്റവും കര്‍ശനമായ മുന്നറിയിപ്പാണ് ഡാര്‍ക് ഗ്രേ പട്ടിക. എഫ്.എ.ടി.എഫ്. നിഷ്‌കര്‍ഷിച്ച 27 കാര്യങ്ങളില്‍ വെറും ആറെണ്ണത്തില്‍ മാത്രമാണ് പാകിസ്താന്‍ മികവ് തെളിയിച്ചത്. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള അവസാന അവസരമായി പാകിസ്താനെ ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

കഴിഞ്ഞ ജൂണില്‍ നടന്ന യോഗത്തില്‍ പാകിസ്താനെ ഗ്രേ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. ഒരുവര്‍ഷത്തിനുള്ളില്‍ നിഷ്‌കര്‍ഷിച്ച കര്‍മപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയില്ലെങ്കില്‍ ഇറാനും നോര്‍ത്ത് കൊറിയയ്ക്കും ഒപ്പം പാകിസ്താനെയും കരിമ്പട്ടികയില്‍പ്പെടുത്തിയേക്കുമെന്നും സൂചന നല്‍കിയിരുന്നു.

ഗ്രേ പട്ടികയില്‍ തുടര്‍ന്നാലും ഡാര്‍ക് ഗ്രേ പട്ടികയിലേക്ക് മാറ്റിയാലും ഐ.എം.എഫ്. ലോകബാങ്ക് തുടങ്ങിയ ധനകാര്യ ഏജന്‍സികളുടെ സാമ്പത്തികസഹായം ലഭിക്കാന്‍ പാകിസ്താന് ബുദ്ധിമുട്ടാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന പാകിസ്താനെ ഇത് കൂടുതല്‍ കുഴപ്പത്തിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.