1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2020

സ്വന്തം ലേഖകൻ: പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്ന നിർദ്ദേശങ്ങളുമായി ഫ്രാൻസ് രംഗത്ത്. നേരത്തെ തന്നെ പാക്കിസ്ഥാന് പ്രതിരോധ സഹായം നൽകില്ലെന്ന് പ്രഖ്യാപിച്ച ഫ്രാൻസ് റഫാൽ യുദ്ധവിമാനങ്ങളിൽ പാക്ക് ബന്ധമുള്ള സാങ്കേതിക വിദഗ്ധരെ സഹകരിപ്പിക്കരുതെന്നു ഖത്തറിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇന്ത്യയുടെ മുൻനിര യുദ്ധവിമാനമാകാൻ സജ്ജമാകുന്ന റഫാലിനെ സംബന്ധിച്ച സുപ്രധാന സാങ്കേതിക വിവരങ്ങൾ പാക്കിസ്ഥാനും അതുവഴി ചൈനയ്ക്കും ലഭിക്കുമെന്ന ആശങ്ക അകറ്റുന്ന നടപടിയാണിത്.

മൂന്നു ബാച്ചുകളിലായി 15 റഫാൽ വിമാനങ്ങൾ ഫ്രാൻസ് ഖത്തറിനു കൈമാറിയിട്ടുണ്ട്. യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളും റഫാൽ വിമാനം വാങ്ങാൻ നിർമാതാക്കളായ ഡാസോ ഏവിയേഷനുമായി ചർച്ചകൾ നടത്തിയിരുന്നു. ഈ 3 രാജ്യങ്ങളും പാക്ക് വംശജരും പാക്ക് വ്യോമസേനയുമായി ബന്ധമുള്ളവരുമായ സാങ്കേതിക വിദഗ്ധരെ ഇതിൽ സഹകരിപ്പിച്ചതായി ആക്ഷേപമുയർന്നിരുന്നു. ആശങ്ക ഇന്ത്യ ഫ്രാൻസിനെ അറിയിക്കുകയും ചെയ്തു.

ഇതിനു പുറമേ, പാക്കിസ്ഥാന്റെ മിറാഷ് യുദ്ധവിമാനങ്ങൾ, മുങ്ങിക്കപ്പലുകൾ നവീകരിക്കാൻ ഫ്രാൻസ് വിസമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാന്റെ ഭൂരിഭാഗം പോർവിമാനങ്ങളും നിരവധി പ്രശ്നങ്ങൾ കാരണം ടേക്ക് ഓഫ് ചെയ്യാനാകാതെ കിടക്കുകയാണ്. എന്നാൽ, ഈ പോർവിമാനങ്ങളും മുങ്ങിക്കപ്പലുകളും സമയത്തിന് പ്രശ്നങ്ങൾ തീർത്തുകൊടുക്കാൻ ചൈനയും അമേരിക്കയും തയാറാകുന്നില്ല. ഇപ്പോൾ ഫ്രാൻസും പാക്കിസ്ഥാനെതിരെ രംഗത്തുവന്നിരിക്കുകയാണ്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിയുടെ ഇസ്‌ലാമിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പരസ്യമായി വിമർശിച്ചിരുന്നു. ആഗോള പവർഹൗസുമായുള്ള ബന്ധം തരംതാഴ്ത്താനുള്ള തീവ്ര ഇസ്‌ലാമിക് പാർട്ടിയുടെ നീക്കങ്ങളെയും ഖാൻ പിന്തുണച്ചിരുന്നു. ഇതിനെല്ലാം പ്രതികാര നടപടിയായി പാക്ക് വ്യോമസേനയുടെ മിറാഷ് 3, മിറാഷ് 5 യുദ്ധവിമാനങ്ങൾ നവീകരിച്ചുനൽകേണ്ടെന്ന് ഫ്രാൻസ് തീരുമാനിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഫ്രാൻസിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

യുദ്ധവിമാനങ്ങൾ നവീകരിക്കാനുള്ള പാക്കിസ്ഥാന്റെ അഭ്യർഥന നിരസിക്കപ്പെട്ടുവെന്ന് പാരീസിലെ ഒരു നയതന്ത്രജ്ഞൻ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഫ്രഞ്ച്-ഇറ്റാലിയൻ വ്യോമ പ്രതിരോധ സംവിധാനം നവീകരിക്കുന്നതിനുള്ള സമാനമായ അഭ്യർഥനയും നിരസിക്കപ്പെട്ടു. അഗോസ്റ്റ 90 ബി ക്ലാസ് മുങ്ങിക്കപ്പലുകളുടെ എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (എഐപി) സംവിധാനങ്ങള്‍ നവീകരിക്കാൻ പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. മുങ്ങിക്കപ്പലുകൾക്ക് കൂടുതൽ സമയം വെള്ളത്തിനടിയിൽ തുടരാൻ അനുവദിക്കുന്ന സംവിധാനമാണിത്. എന്നാൽ പാക്കിസ്ഥാന്റെ ഈ ആവശ്യവും ഫ്രാൻസ് നിരസിച്ചു.

പാക്ക് വ്യോമസേനയിലെ 150 ഓളം മിറാഷ് യുദ്ധവിമാനങ്ങൾ ഫ്രഞ്ച് കമ്പനിയായ ഡസ്സോൾട്ട് ഏവിയേഷൻ നിർമിച്ചു നൽകിയതാണ്. പാക്ക് നാവികസേനയ്ക്ക് മൂന്ന് അഗോസ്റ്റ 90 ബി മുങ്ങിക്കപ്പലുകളുണ്ട്. ഖാലിദ്, സാദ്, ഹംസ എന്നിവയാണത്. യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും നവീകരിക്കേണ്ടതില്ലെന്ന ഫ്രാൻസിന്റെ തീരുമാനം പാക്ക് പ്രതിരോധ സേനയെ കാര്യമായി തന്നെ ബാധിക്കും. ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യത്തോട് യോജിക്കാൻ പോകുന്ന പാക്ക് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കും.‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.