1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2020

സ്വന്തം ലേഖകൻ: മൂന്നാര്‍ രാജമലയില്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി കാണാതായവരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഡീന്‍ കുര്യാക്കൊസ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മന്ത്രി എംഎം മണി പെട്ടിമുടിയിലെത്തിയിട്ടുണ്ട്. അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. 12 പേരെ രക്ഷപ്പെടുത്തിയിരുന്നു. നാലു ലയങ്ങളിലെ 30 കുടുംബങ്ങളിലായി 78 പേരാണ് ഇവിടെ താമസിച്ചിരുന്നത്.

ലേബര്‍ ക്ലബ്, കാന്റീന്‍, നാലു ലയങ്ങള്‍ എന്നിവ പൂര്‍ണമായി മണ്ണിനടിയിലായി. എസ്റ്റേറ്റ് ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന കുന്നിന്‍ മുകളില്‍ വ്യാഴാഴ്ച രാത്രി 10.50ഓടെയായിരുന്നു ഉരുള്‍ പൊട്ടിയൊഴുകിയത്. ഒരു കിലോമീറ്ററോളം കൂറ്റന്‍ പാറകളും മണ്ണും നിരങ്ങിയിറങ്ങി. ലയങ്ങളും മറ്റുമുണ്ടായിരുന്ന സ്ഥലത്ത് പാറക്കെട്ടുകളും മണ്ണും നിറഞ്ഞുകിടക്കുകയാണ്.
കനത്ത മഴ പെയ്യുന്നതിനാല്‍ മലമുകളില്‍ നിന്ന് വെള്ളവും മണ്ണും ഒഴുകിയിറങ്ങുന്നത് രക്ഷാ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ്. അപകടമുണ്ടായ സ്ഥലത്ത് മണ്ണ് വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുവരെ ലഭിച്ചത് 24 മൃതദേഹങ്ങളാണ്. അഴുകിയ നിലയിലാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. രക്ഷാ പ്രവര്‍ത്തനം നാളെ പൂര്‍ത്തിയായേക്കുമെന്നാണ് സൂചന.

എന്‍ഡിആര്‍എഫിന്റെയും പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശത്ത് ആശങ്കപ്പെടുത്തുന്ന വിധത്തില്‍ മണ്ണിടിച്ചില്‍ തുടരുകയാണ്. കനത്ത മഴയും മണ്ണിടിച്ചിലും വെളിച്ചക്കുറവും മൂലം ഇന്നലെ രാത്രി തെരച്ചില്‍ നിര്‍ത്തിയിരുന്നു. ഇന്ന് രാവിലെയാണ് തെരച്ചില്‍ പുനഃരാരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.