1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2020

സ്വന്തം ലേഖകൻ: ജര്‍മ്മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ജര്‍മ്മന്‍-പോളണ്ട് അതിര്‍ത്തിക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. യൂറോപ്പിലെ ഏറ്റവും വലിയ പന്നി മാംസ ഉത്പാദകരാണ് ജര്‍മ്മനി. പ്രതിവര്‍ഷം അഞ്ച് മില്യണ്‍ ടണ്‍ പന്നി മാംസമാണ് ജര്‍മ്മനി ഉത്പാദിപ്പിക്കുന്നത്.

”നിര്‍ഭാഗ്യവശാല്‍ ചത്ത പന്നിയില്‍ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗം പകരുന്നത് തടയാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും,” കൃഷിമന്ത്രി ജൂലിയ ക്ലോക്നര്‍ പറഞ്ഞു. ആഫ്രിക്കന്‍ പന്നിപ്പനി പൊതുവെ കാട്ടുമൃഗങ്ങള്‍ക്കിടയിലും വളര്‍ത്തുമൃഗങ്ങള്‍ക്കിടയിലും അതിവേഗം പടര്‍ന്നുപിടിക്കുന്ന ഒന്നാണ്. എന്നാല്‍ മനുഷ്യന് അത്ര ദോഷകരവുമല്ല.

ഏഷ്യന്‍ രാജ്യങ്ങളില്‍ പന്നിപ്പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ജര്‍മ്മനിയില്‍ നിന്നുള്ള പന്നിയിറച്ചിക്ക് ചൈനയില്‍ നല്ല ഡിമാന്‍ഡ് വര്‍ദ്ധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മില്യണ്‍ കണക്കിന് പന്നികളെയാണ് കശാപ്പ് ചെയ്തത്. എന്നാല്‍ ബ്രാൻഡൻബർഗ് മേഖലയിൽ നിന്നുള്ള കയറ്റുമതി നിയന്ത്രിക്കുമെന്ന് ക്ലോക്ക്നർ പറഞ്ഞു.

യൂറോപ്യൻ യൂണിയനുമായുള്ള പന്നിയിറച്ചി വ്യാപാരം വൈറസ് ബാധിക്കാത്ത പ്രദേശങ്ങളിൽ നിന്ന് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ആയിരം തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ മാംസ ഉത്പാദക പ്ലാന്‍റ് താല്‍ക്കാലികമായി പൂട്ടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.