1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2020

സ്വന്തം ലേഖകൻ: ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ . ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ല. പണ്ട് നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനുമീതെ അങ്ങനെയൊരു പദവിയില്ല. അറിയാത്തവര്‍ ഭരണഘടന വായിച്ചുപഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഇ.കെ വിഭാഗം സമസ്ത സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് ഗവര്‍ണര്‍. താന്‍ റബര്‍ സ്റ്റാംപല്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു. ആരും നിയമത്തിന് അതീതരല്ലെന്ന് ഉറപ്പാക്കും. പൗരത്വവിഷയത്തില്‍ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോകോള്‍ ലംഘനമാണെന്നും പത്രവാര്‍ത്തകളില്‍ നിന്നല്ല ഇക്കാര്യം താന്‍ അറിയേണ്ടതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തിന് പിന്നാലെയാണ് വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ പരസ്യവിയോജിപ്പുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഫയല്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇക്കാര്യത്തിലുള്ള സംശയങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍. നിയമസഭ ചേരാനിരിക്കേ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന്റെ സാംഗത്യത്തെയും ആരിഫ് മുഹമ്മദ്ഖാന്‍ ചോദ്യം ചെയ്തു. ഓര്‍ഡിനന്‍സിന് രാഷ്ട്രീയ ഉദ്ദേശമുണ്ടെന്ന ആരോപണവും അദ്ദേഹം പരോക്ഷമായി ഉന്നയിച്ചു.

പൗരത്വ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെങ്കിലും സംസ്ഥാനത്തിന്റെ തലവനായ തന്നെ അറിയിക്കാത്തത് പ്രോട്ടോകോള്‍ ലംഘനമാണ്. പൗരത്വനിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതിലെ വിയോജിപ്പ് തുടരുകയാണെങ്കിലും ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ അത് സ്വാധീനിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് വീണ്ടും മന്ത്രിസഭ പാസാക്കി അയച്ചാല്‍ താന്‍ ഒപ്പിടണമെന്ന് ഭരണഘടന പറയുന്നില്ല.

സാധാരണ നിയമപരമായ തടസങ്ങളുള്ള ഓര്‍ഡിനന്‍സുകള്‍ പിടിച്ചുവയ്ക്കുകയോ വ്യക്തത ആവശ്യപ്പെട്ട് തിരിച്ചയക്കുകയോ ആണ് ഗവര്‍ണര്‍മാര്‍ ചെയ്യാറുള്ളത്. വീണ്ടും മന്ത്രി സഭ പാസാക്കി അയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടുകയാണ് കീഴ് വഴക്കം. എന്നാല്‍ അതിന് താന്‍ തയ്യാറല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.