
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തയില്‍ എത്തി. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍, മന്ത്രി ഫിര്‍ഹാദ് ഹക്കീം, പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്, മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വിമാനത്താവളത്തിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പ്രധാനമന്ത്രിക്കെതിരായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രകടനം നടന്നു.
പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി. തന്റെ പാര്‍ട്ടി പൗരത്വനിയമത്തിനും പൗരത്വ റജിസ്റ്ററിനും ജനസംഖ്യാ റജിസ്റ്ററിനുമെതിരാണെന്ന് പ്രധാനമന്ത്രിയോട് വ്യക്തമാക്കിയതായി രാജ്ഭവനിലെ കൂടിക്കാഴ്ചയ്‍ക്ക് ശേഷം മമത പറഞ്ഞു.
കൂടിക്കാഴ്ചയില്‍ പൗരത്വഭേദഗതി, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയിലുള്ള വിയോജിപ്പ് രേഖപ്പെടുത്തിയതായി മമത മാധ്യമങ്ങളോട് പറഞ്ഞു.
“അദ്ദേഹം എന്റെ അതിഥിയാണ്. അതു കൊണ്ട് ഞാന്‍ ഈ ആവശ്യം ഉന്നയിച്ചത് ഉചിതമാണോ എന്നെനിക്കറിയില്ല. പക്ഷെ സി.എ.എയ്ക്കും എന്‍.ആര്‍.സിക്കും എന്‍.പി.ആറിനും ബംഗാള്‍ ജനത എതിരാണെന്ന് ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. രാജ്യത്തെ രണ്ടു പേര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകാനോ സ്വദേശത്ത് നിന്ന് അവരെ പുറത്താക്കാനോ നാം ആഗ്രഹിക്കുന്നില്ല. എന്‍.ആര്‍.സിയും സി.എ.എയും സര്‍ക്കാര്‍ പുനപരിശോധിക്കണം,” മമത വിശദീകരിച്ചു.
പശ്ചിമബംഗാള്‍ ഇത്തരം നടപടികള്‍ക്കെതിരാണെന്നും കേന്ദ്രം ഇതേ പറ്റി ചിന്തിക്കണം എന്നുമാണ് മമത മോദിയോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നഗരത്തിലെ ഇടതുസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയിട്ടുള്ളത്. രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നാളെ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150–ാം വാര്‍ഷികത്തില്‍ പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല