1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2020

സ്വന്തം ലേഖകൻ: സൗദി സ്ത്രീത്വത്തിന്റെ മുഖമായി മാറിയ, മാറ്റങ്ങളുടെ അലയൊലികള്‍ സൃഷ്ടിച്ച സൗദി രാജകുടുംബാംഗമായിരുന്നു പ്രിന്‍സസ് അമീറ. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് സൗദി രാജകുമാരന്‍ അല്‍വലീദിനെ വിവാഹം കഴിച്ച അമീറ സൗദിയില്‍ ഉണ്ടാക്കിയ അലയൊലികള്‍ ചെറുതല്ല.

2008 ല്‍ തന്റെ 18ാം വയസ്സില്‍ ഒരു അഭിമുഖത്തിനിടയിലാണ് അല്‍വലീദ് രാജകുമാരനെ അമീറ കാണുന്നത്. ഒരു സ്‌കൂള്‍ പംക്തിക്കായിട്ടായിരുന്നു അഭിമുഖം. മാസങ്ങള്‍ക്കുള്ളില്‍ വലീദിന്റെ നാലാമത്തെ ഭാര്യയായി അമീറ സൗദി രാജകുടുംബത്തിലെത്തി.

തട്ടമിടുന്നില്ലെന്ന് പറഞ്ഞ അമീറ സൗദി രാജകുമാരനോടൊപ്പം പൊതുചടങ്ങുകളിലെല്ലാം തലമറയ്ക്കാതെ തന്നെ പങ്കെടുത്തു. പാറിപ്പറന്ന മുടിയിഴകളുമായി പുഞ്ചിരിച്ചു കൊണ്ട് സംസാരിച്ച അമീറ സൗദി സ്ത്രീകള്‍ക്കിടയില്‍ അലയൊലികള്‍ സൃഷ്ടിച്ചു. ഫിലാന്ത്രോപിസ്റ്റ് ആയ അമീറ നിരവധി ആഗോള സന്നദ്ധ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിച്ചു.

ഭര്‍ത്താവായ അല്‍വലീദിന്റെ സന്നദ്ധ സംഘടനയായ അല്‍വലീദ് ബിന്‍ തലാല്‍ ഫൗണ്ടേഷന്റെ ഭാഗമായി ഇവര്‍ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഒരുക്കി. പാകിസ്താനിലും സൊമാലിയയലും നടന്ന ദുരന്ത നിവാരണ പ്രൊജക്ടുകളില്‍ അമീറ പങ്കെടുത്തു.

സൗദി സ്ത്രീകളുടെ അവകാശത്തിനായി പ്രവര്‍ത്തിച്ച അമീറ സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അനുമതിയില്ലാത്തതിനെതിരെ പ്രതിഷേധിച്ചു. ഡിവോഴ്‌സിന് ശേഷം സ്ത്രീകള്‍ക്ക് അവരുടെ കുട്ടികളുടെ സംരക്ഷണാവകാശം നല്‍കാന്‍ വേണ്ടിയും അമീറ ഇടപെട്ടു.

തന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവര്‍ ബ്രിട്ടീഷ് രാജകുടുംബാഗങ്ങളുമായും ഒപ്പം ജോര്‍ദിനിലെ റാനിയ രാജ്ഞിയുമായും ഇവര്‍ സൗഹൃദം വെച്ചു. 2012 ല്‍ ലണ്ടനില്‍ നടന്ന ഗള്‍ഫ് പോളോ കപ്പ് മാച്ചില്‍ അമീറ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്്ച നടത്തി. 2011 ല്‍ ഒരു പൊതുചടങ്ങില്‍ വെച്ച് ഇവര്‍ ചാള്‍സ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.

സൗദി സ്ത്രീകള്‍ മുഖാവരണങ്ങള്‍ക്കുള്ളിലാണെന്ന ധാരണയില്‍ നടന്ന യൂറോപ്യന്‍ ചിന്താഗതിയെയും അമീറ മാറ്റി മറിച്ചു. ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെയും കെയ്റ്റ് മിഡില്‍റ്റന്റെയും വിവാഹത്തിന് അന്നത്തെ മാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ പിടിച്ചു പറ്റിയത് അമീറയായിരുന്നു. യൂറോപ്യന്‍ മോഡലുകളെ വെല്ലുന്ന ഫാഷന്‍ സെന്‍സില്‍ വിവാഹ ചടങ്ങിനെത്തിയ അമീറയെ അന്ന് പാപ്പരാസികള്‍ ഉപമിച്ചത് പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രമായ പ്രിന്‍സസ് ജാസ്മിനുമായാണ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റൈ വിവാഹത്തിനെത്തിയ സൗദി രാജകുമാരി അങ്ങനെ ബ്രിട്ടീഷ് മാധ്യമങ്ങളിലും താരമായി.

എന്നാല്‍ രാജകുമാരനുമായുള്ള അമീറയുടെ വിവാഹം അധിക കാലം നീണ്ടു നിന്നില്ല. 2013 ല്‍ ഇരുവരും വിവാഹ മോചിതരായി. 2015 ല്‍ അമീറ ഒരഭിമുഖത്തില്‍ പറഞ്ഞത് തങ്ങളുടെ വിവാഹ മോചനം പരസ്പര സമ്മത പ്രകാരമായിരുന്നു എന്നാണ്.

“സ്ത്രീകള്‍ അവരുടെ പെണ്‍ മക്കളോട്, നോക്കൂ അവള്‍ വിവാഹ മോചിതയായി. അവള്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ അവള്‍ ഒരു സ്വതന്ത്ര സ്ത്രീയാണ്. അവള്‍ അവളുടെ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നു,” എന്നായിരുന്നു അമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

2018 ല്‍ വീണ്ടും വിവാഹം കഴിച്ചതോടെ ഇവർ തലക്കെട്ടുകളിൽ നിന്ന് പതിയെ മാഞ്ഞുതുടങ്ങി. യു.എ.ഇയിലെ ബില്യണറായ ഖലീഫ ബിന്‍ ബിന്‍ ബിത്തി അല്‍ മുഹാരി എന്ന ബിസിനസുകാരനായിരുന്നു വരൻ. പാരീസില്‍ വെച്ച് ആഘോഷപൂര്‍വമായിരുന്നു ഇരുവരുടെയും വിവാഹം. നിലവില്‍ ഇവര്‍ മസാച്ചുസെറ്റിന്റെ കീഴിലുള്ള അന്ധവിദ്യാര്‍ത്ഥികള്‍ക്കായുള്ള പെര്‍കിന്‍സ് സ്‌കൂളിന്റെ അംബാസിഡറാണെന്നാണ് സ്ഥിരീകരിക്കാത്ത് റിപ്പോര്‍ട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.