1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2020

സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് കൂടുതൽ നഴ്സുമാരെയും ഡോക്ടർമാരെയും ബ്രിട്ടനിലേക്ക് ആകർഷിക്കാനായി ഫാസ്റ്റ് ട്രാക്ക്, ഹെൽത്ത് ആൻഡ് കെയർ വീസ സംവിധാനം വരുന്നു. ബ്രെക്സിറ്റ് പ്രബല്യത്തിലാകുന്ന ജനുവരി ഒന്നു മുതൽ പോയിന്റ് ബെയ്സ്ഡ് ഇമിഗ്രേഷൻ സംവിധാനത്തിന്റ കീഴിൽ ഈ വീസാ ആനുകൂല്യം ലഭ്യമാകുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. എന്നാൽ കെയർ ഹോമുകളിലും മറ്റും ജോലിചെയ്യുന്ന സോഷ്യൽ കെയർ വർക്കർമാരെ പുതിയ ഫാസ്റ്റ് ട്രാക്ക് വീസയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഫാസ്റ്റ് ട്രാക്ക് ഹെൽത്ത് ആൻഡ് കെയർ വീസ അപേക്ഷകളിന്മേൽ മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. കൂടാതെ ഫീസ് ഇളവും വാർഷിക എമിഗ്രേഷൻ ഹെൽത്ത് സർചാർജിൽ ഇളവും ലഭിക്കും. അണ്ടർ ഗ്രാജുവേറ്റ്. മാസ്റ്റേഴ്സ് കോഴ്സുകൾക്കായി എത്തുന്ന വിദേശ വിദ്യാർഥികൾക്ക് പഠന ശേഷം രണ്ടു വർഷം പോസ്റ്റ് സ്റ്റഡി വീസ അനുവദിക്കും. പിഎച്ച്ഡി പൂർത്തിയാക്കുന്നവർക്ക് മൂന്നു വർഷവും പോസ്റ്റ് സ്റ്റഡി വീസ ലഭിക്കും.

ഓസ്ട്രേലിയ, ന്യൂസിലാൻഡ് മാതൃകയിൽ പോയിന്റ് ബെയ്സ്ഡ് ഇമിഗ്രേഷൻ സംവിധാനത്തിന് ജനുവരി ഒന്നു മുതലാണ് ബ്രിട്ടൺ തുടക്കം കുറിക്കുക. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർക്കും ഇത് ബാധകമാകും. ഈ സംവിധാനം അനുസരിച്ച് ചുരുങ്ങിയത് 70 പോയിന്റെങ്കിലും ഉള്ളവർക്കു മാത്രമേ ബ്രിട്ടനിലേക്ക് ജോബ് വീസ ലഭിക്കൂ.

അംഗീകൃത സ്പോൺസറിൽനിന്നുള്ള ജോബ് ഓഫറിന് 20 പോയിന്റ്, തൊഴിൽ വൈദഗ്ധ്യത്തിന് 20, ഇംഗ്ലീഷ് യോഗ്യതയ്ക്ക് 10, ഷോർട്ടേജ് ഓക്യപ്പേഷൻ ലിസ്റ്റിലുള്ള ജോലിക്ക് 20, സാധാരണ പിഎച്ച്ഡിക്ക് 10, സയൻസ്, ടെക്നോളജി, എൻജിനീയറിംങ് ആൻഡ് മാത്ത്സ് എന്നീ വിഷയങ്ങളിലെ പിഎച്ച്ഡിക്ക് 20 എന്നിങ്ങനെയാണ് പോയിന്റുകൾ നിശ്ചയിച്ചിരിക്കുന്നത്.

പ്രതിവർഷം 23,039 പൗണ്ടിൽ താഴെ ശമ്പളമുള്ള ജോലിക്ക് പോയിന്റില്ല. 23,040 പൌണ്ടു മുതൽ 25,599 പൌണ്ട് വരെ ശമ്പളം ലഭിക്കുന്ന ജോലിക്ക് 10 പോയിന്റും 25,600 പൌണ്ടിനു മുകളിലുള്ള ജോലിക്ക് 20 പോയിന്റും ലഭിക്കും. ജീവിതപങ്കാളിയെയും 18 വയസിൽ താഴെ പ്രായമുള്ള കുട്ടികളെയും ഡിപ്പന്റന്റുമാരായി കൊണ്ടു വരാൻ പോയിന്റ് സംവിധാനം അനുവദിക്കുന്നുണ്ട്. ഇവർക്ക് ജോലി ചെയ്യാനും കുട്ടികൾക്ക് പഠിക്കാനും തടസമില്ല. എന്നാൽ ആരോഗ്യ പ്രവർത്തകർ അല്ലാത്തവർക്ക് ഇതിനായി എൻ.എച്ച്.എസ് സർചാർജ് നൽകണം.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും മറ്റും ബ്രിട്ടനിലേക്ക് തൊഴിൽ തേടിയെത്തുന്ന സാധാരണക്കാരുടെ ഒഴുക്ക് പൂർണമായും നിലക്കുമെന്നാണ് കണക്കുകൂട്ടൽ. വിദേശത്തു നിന്നെത്തി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവരെ നാടുകടത്തും. 12 മാസത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയാണ് നാടുകടത്റ്റുക.

എന്നാൽ സമൂഹത്തിന് ഭീഷണിയാകുന്നവരെയും കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവരെയും നാടുകടത്താൽ 12 മാസമെന്ന ശിക്ഷാ കാലാവധി ബാധകമല്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെയും മറ്റു രാജ്യങ്ങളിലെയും ആളുകൾക്ക് ഈ നിയമം ഒരുപോലെ ബാധകമാകും. നിലവിൽ ബ്രിട്ടനിൽ ശിക്ഷ അനുഭവിക്കുന്ന വിദേശ കുറ്റവാളികളേയും ഈ പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്താൻ ആലോചനയുണ്ടെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.