1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2020

സ്വന്തം ലേഖകൻ: അമേരിക്കയിലെ മിനിയാപോളിസിലെ തെരുവുകളില്‍ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തിയും അവഹേളിച്ചും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
മഹത്തായ അമേരിക്കന്‍ നഗരത്തില്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ തന്നെക്കൊണ്ട് പറ്റില്ലെന്നാണ് ട്രംപ് പറഞ്ഞത്. തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ കൊള്ളക്കാരാണെന്നും ട്രംപ് ആരോപിച്ചു.

കൊള്ളയടി തുടര്‍ന്നാല്‍ വെടിവെപ്പ് ആരംഭിക്കും എന്നാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ട്രംപ് ഉയര്‍ത്തിയ ഭീഷണി. “ഈ കൊള്ളക്കാര്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ഓര്‍മകളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇത് ഞാന്‍ അനുവദിക്കില്ല. ടിം വാല്‍സിലെ ഗവര്‍ണറുമായി സംസാരിക്കുകയും അദ്ദേഹത്തിനൊപ്പം സൈന്യം ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഏത് പ്രതിസന്ധിയും നിയന്ത്രിക്കാമെന്നാണ് കരുതുന്നത്. എപ്പോള്‍ കൊള്ളയടി ആക്രമണം നടക്കുന്നോ അപ്പോള്‍ ഷൂട്ടിംഗ് നടക്കും,” ട്രംപ് ട്വീറ്റ് ചെയ്തു.

ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസിന്റെ അതിക്രമത്തെത്തുടര്‍ന്ന് മരിച്ച സംഭവത്തിന് പിന്നാലെയാണ് മിനിയാപൊളിസില്‍ പ്രതിഷേധം ഉടലെടുത്തത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷന്‍ തീയിട്ടുകത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്ളോയിഡിനെ അമേരിക്കന്‍ പൊലീസ് കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വസംമുട്ടിക്കുകയായിരുന്നു. ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

“താങ്കളുടെ മുട്ട് എന്റെ കഴുത്തിലാണ്… എനിക്ക് ശ്വാസം എടുക്കാന്‍ കഴിയുന്നില്ല,” എന്ന് ഫ്ളോയിഡ് പൊലീസിനോട് കരഞ്ഞു പറഞ്ഞിരുന്നെങ്കിലും പൊലീസ് ചെവികൊണ്ടില്ല.

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധിക്കുന്നവരെ വെടിവെക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ് നിയന്ത്രിച്ച് ട്വിറ്റര്‍. ട്രംപിന്റെ ട്വീറ്റിന് പകരം ഈ ട്വീറ്റ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ട്വിറ്ററിന്റെ മുന്നറിയിപ്പാണ് ആദ്യം കാണാനാനാവുക. മുന്നറിയിപ്പ് മറികടന്ന് വായിക്കേണ്ടവര്‍ക്ക് ക്ലിക്ക് ചെയ്താല്‍ ട്വീറ്റ് കാണാനുമാകും. ഇതിനെതിരെ ട്രംപ് പ്രതിഷേധ ട്വീറ്റുകളും ഇട്ടിട്ടുണ്ട്.

തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ട്വിറ്റര്‍ വിശദീകരണം. എങ്കിലും ഇതുവരെ ട്വീറ്റ് ഫീഡില്‍ നിന്നും നീക്കംചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ല. ട്രംപിന്റെ ട്വിറ്റര്‍ ഫീഡില്‍ ഈ ട്വീറ്റ് തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായി അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്നും പൊതു താത്പര്യം പരിഗണിച്ച് ഇവിടെ നിലനിര്‍ത്തിയിരിക്കുന്നു എന്നുമാണ് കാണാനാവുക. ട്വിറ്ററിന്റെ ഈ സന്ദേശത്തിന് ഒപ്പമുള്ള വ്യു എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ ട്വീറ്റ് കാണാനാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.