1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2019

സ്വന്തം ലേഖകൻ: രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് പുഷ്‌കര്‍. എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ ലോകശ്രദ്ധ ഈ നരത്തിലേക്ക് തിരിയുന്നു. വര്‍ഷാവര്‍ഷം നടക്കുന്ന പുഷ്‌കര്‍ മേളയാണ് പുഷകര്‍ നഗരത്തിനെ ഇത്രയധികം പ്രസിദ്ധമാക്കിയത്. ജയ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറിയാണ് പുഷ്‌കര്‍ നഗരം. തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയിലും പുഷകര്‍ അറിയപ്പെടുന്നു.

ഓരോ വര്‍ഷവും പുഷ്‌കര്‍ മേള കാണാന്‍ രണ്ടു ലക്ഷത്തില്‍പ്പരം ആളുകള്‍ വരാറുണ്ടെന്നാണ് കണക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ ഒട്ടകമേളയായാണ് പുഷ്‌കര്‍ മേളയെ കണക്കാക്കുന്നത്. ഒട്ടകത്തിന് പുറമെ കുതിരകളെയും മേളയില്‍ കാണാം. സ്വദേശികളും വിദേശികളുമായി നിവധിപ്പേരാണ് മേള കാണാന്‍ പുഷ്‌കറിലെത്തുന്നത്. ഒട്ടകങ്ങള്‍ അടക്കമുള്ള കന്നുകാലികളുടെ പ്രദര്‍ശന വിപണന മേളയില്‍ മറ്റ് വിനോദ പരിപാടികളും നടത്താറുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം മത്സരയിനങ്ങളും ഉണ്ടാകും.

പുഷ്‌കര്‍ മേള ഒട്ടകപന്തയത്തിലൂടെയാണ് തുടങ്ങുന്നത്. ഇതിന് ശേഷം സംഗീത നൃത്ത പരിപാടികളും ഒരുക്കും. വിവിധ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടികള്‍ കാണാന്‍ കര്‍ഷകരായ നാട്ടുകാരും പുറത്തുനിന്നുള്ളവരും ധാരാളമായി എത്തുന്നു. വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ കലാപ്രദര്‍ശനവും മേളയിലെ ഹൈലൈറ്റ് ആണ്. എന്നാല്‍ ഇതിലെല്ലാം പ്രധാനം പല വര്‍ണങ്ങള്‍ ചാലിച്ച് അണിയിച്ചൊരുക്കി നിര്‍ത്തിയിരിക്കുന്ന ഒട്ടകങ്ങളാണ്.

സാധാരണ ഒട്ടകങ്ങളെ 25000 രൂപ മുതല്‍ 30,000 രൂപ വരെ മുടക്കി ആള്‍ക്കാര്‍ വാങ്ങുമ്പോള്‍ ഇതിതരം ഒട്ടകങ്ങളെ സ്വന്തമാക്കാന്‍ ലക്ഷങ്ങള്‍ മുടക്കുന്നവരും ഉണ്ട്. ഒട്ടകങ്ങള്‍ക്കു പുറമെ പശു, കാള, ആട്, ചെമ്മരിയാട് തുടങ്ങിയ കന്നുകാലികളെയും പുഷ്‌കര്‍ മേളയില്‍ കാണാം. ലക്ഷണമൊത്ത കന്നുകാലികളെ നേരില്‍ കണ്ട് വിലപേശി സ്വന്തമാക്കാം എന്നതാണ് പ്രത്യേകത. വാങ്ങുന്നതിനും വില്‍ക്കുന്നതിനും അവസരമുണ്ട്.

ഈ വര്‍ഷത്തെ പുഷകര്‍ മേള 4ന് തുടങ്ങി. 12 വരെ നീണ്ടു നില്‍ക്കും. ആദ്യ ഘട്ടമായ നവംബര്‍ 4 മുതല്‍ 9 വരെയുള്ള തീയതികളില്‍ പുഷകര്‍ കന്നുകാലി മേള നടക്കുന്നു. ഈ ദിവസങ്ങളിലാണ് കന്നുകാലികളുടെ പ്രദര്‍ശനവും കച്ചവടങ്ങളും നടക്കുന്നത്. ഇതിന് പുറമെ ഒട്ടകപന്തയവും കന്നുകാലികല്‍ പങ്കെടുക്കുന്ന മറ്റ് മത്സരങ്ങളും നടക്കുന്നു. പത്തിനും പതിനൊന്നിനും രണ്ടാം ഘട്ടമാണ്. ഈ ദിനങ്ങളില്‍ സാംസ്‌കാരിക പരിപാടികളാണ് നടത്തുക. തനതായ നാടന്‍ കലാരൂപങ്ങളും സാസംകാരിക പരിപാടികളുമൊക്കെ അരങ്ങേറുന്നത് രണ്ടാം ഘട്ടത്തിലാണ്.

സന്ദര്‍ശകര്‍ക്ക് നാടോടി നൃത്തം, തദ്ദേശ ഗായകരുടെ സംഗീത വിരുന്ന്, തുടങ്ങിയവ ആസ്വദിക്കാം. പല പരിപാടികളും രാജസ്ഥാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് അരങ്ങേറുന്നത്. ഭക്തിനിര്‍ഭരമാണ് അവസാനഘട്ടം. മേളയുടെ സമാപന ദിനം കൂടിയായ നവംബര്‍ 12ന് ആളുകള്‍ പുഷകര്‍ തടാകത്തിലിറങ്ങി കുളിക്കുന്ന ചടങ്ങുമുണ്ടാകും. ഇതിന് പുറമെ നിരവധി ചടങ്ങുകളും സംഘടിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.