1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2020

സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ ചെക്ക്‌ പോയിന്റുകളിൽ പരിശോധനയ്ക്കായി യാത്രക്കാർ കയ്യിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തെടുക്കേണ്ട. പകരം ഹാൻഡ് ബാഗിൽ തന്നെ സൂക്ഷിച്ചാൽ മതി. യാത്രക്കാരന്റെ ബാഗിനുള്ളിലെ ഏത് ഉപകരണങ്ങളും വേഗത്തിൽ തിരിച്ചറിയാനുള്ള അത്യാധുനിക സി2 സുരക്ഷാ പരിശോധനാ സാങ്കേതിക വിദ്യ അധികൃതർ നടപ്പാക്കി കഴിഞ്ഞു.

നാളിതുവരെ ടെർമിനലുകളിലെ ചെക്ക് പോയിന്റിൽ എത്തുമ്പോൾ യാത്രക്കാരൻ പരിശോധനയ്ക്കായി ബാഗിലുള്ള ലാപ്‌ടോപ്, ടാബ്‌ലറ്റുകൾ, ഡിജിറ്റൽ ക്യാമറ, ഫോൺ തുടങ്ങി സകല ഇലക്ട്രോണിക് സാധനങ്ങളും ട്രേയിലിട്ട് സ്‌കാനർ വഴി പരിശോധനയ്ക്കു വിധേയമാക്കണം. എന്നാൽ പുതിയ സി2 സാങ്കേതിക വിദ്യ നടപ്പാക്കിയതോടെ യാത്രക്കാരന് തന്റെ കൈവശമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ബാഗിനുള്ളിൽ തന്നെ വയ്ക്കാനുള്ള സ്വാതന്ത്ര്യമാണു ലഭിക്കുന്നത്.

കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സുരക്ഷാ ചെക്ക് പോയിന്റുകളിലെ ഇത്തരം കട്ടിങ്-എഡ്ജ് സാങ്കേതിക സംവിധാനങ്ങൾ ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നവയാണ്. പ്രാഥമിക ഘട്ടത്തിൽ വിമാനത്താവളത്തിലെ ട്രാൻസ്ഫർ ഗേറ്റുകൾ തുറക്കുന്നത് അനുസരിച്ച് എല്ലാ ട്രാൻസ്ഫർ പരിശോധനാ ചെക്ക് പോയിന്റുകളിലും പുതിയ സി2 സാങ്കേതിക വിദ്യ നടപ്പാക്കും.

പുതിയ സി2 സംവിധാനത്തിലൂടെ ചെക്ക് പോയിന്റുകളിലെ പരിശോധനാ നടപടികൾ വേഗത്തിലാക്കി സമയം ലാഭിക്കാം. യാത്രക്കാരന് ഹാൻഡ് ബാഗ് പരിശോധനയ്ക്കായി നീണ്ട നേരം കാത്തുനിൽക്കുകയും വേണ്ട. ശുചിത്വവും ഉറപ്പാക്കാം. സാധനങ്ങൾ കുത്തിനിറച്ച ബാഗുകളിലാണെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ഹാനികരമായ സാമഗ്രികൾ വേഗത്തിൽ തിരിച്ചറിയാൻ ഇസിഎസി സി2 ഡിറ്റക് ഷൻ സംവിധാനത്തിന് കഴിയും.

പരിശോധനയ്ക്കായി ബാഗ് വച്ചാൽ ഒട്ടും കാലതാമസമില്ലാതെയും ഉദ്യോഗസ്ഥരുടെ സഹായമില്ലാതെയും ഒറ്റ പരിശോധനയിലൂടെ തന്നെ ബാഗിലെ സാമഗ്രികൾ തിരിച്ചറിയും. കൊവിഡ്-19 വ്യാപനം തടയാൻ നിലവിൽ ചെക്ക് പോയിന്റുകളിൽ ബാക്ടീരിയ പ്രതിരോധ ട്രേകൾ, ട്രേകൾ വേഗത്തിൽ അണുവിമുക്തമാക്കുന്നതിനുള്ള ഓട്ടമേറ്റഡ് യുവി എമിറ്റിങ് മൊഡ്യൂളുകൾ, അണുവിമുക്ത റോബട്ടുകൾ, ബാഗേജുകൾക്കായി അണുവിമുക്ത ടണലുകൾ എന്നിവയെല്ലാം വിമാനത്താവളം അധികൃതർ നടപ്പാക്കി കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.