1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2020

സ്വന്തം ലേഖകൻ: ഖത്തറിൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി സെന്ററുകളും തുറന്ന് പ്രവർത്തിക്കാൻ വൈകുമെന്ന് സൂചന. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച ഈ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണമെങ്കിൽ ‘മുൻകൂർ അനുമതി’ വേണമെന്ന സർക്കാരിന്റെ നിബന്ധനയാണ് ഉടമകളെ വെട്ടിലാക്കിയിരിക്കുന്നത്.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ലഭിക്കണമെങ്കിൽ ബാർബർ, ബ്യൂട്ടി സലൂണുകളിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ്-19 പരിശോധന നടത്തണം. പരിശോധനാ ഫലം വന്ന ശേഷം കൊവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റുമായി അധികൃതർ നിർദേശിച്ചിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് സ്‌പോൺസറുടെ ഒപ്പ് സഹിതം വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിൽ സമർപ്പിക്കണം.

അപേക്ഷ വിലയിരുത്തി നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കിയ ശേഷമേ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുകയുള്ളു. വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ തുറക്കാൻ അനുമതി ലഭിക്കില്ല. അതേസമയം ജീവനക്കാർക്ക് കൊവിഡ് പരിശോധന നടത്തി മുൻകൂർ അനുമതി ലഭിച്ച ഏതാനും ബാർബർ ഷോപ്പുകളും ബ്യൂട്ടി സെന്ററുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

ജൂലൈ 30 മുതൽ സർക്കാർ ഓഫിസുകൾക്ക് ഈദ് അവധി ആരംഭിക്കുന്നതിനാൽ അതിന് മുൻപായി അനുമതി വാങ്ങാനുള്ള ഓട്ടത്തിലാണ് ഉടമകൾ. സലൂണുകൾ എപ്പോഴാണ് പ്രവർത്തനം തുടങ്ങുന്നതെന്നറിയാനും മുൻകൂട്ടി സമയം ബുക്ക് ചെയ്യാനും ഒട്ടേറെ ഫോൺ വിളികൾ എത്തുന്നുണ്ടെന്ന് ദോഹയിലെ ഏതാനും പാർലർ ഉടമകൾ വ്യക്തമാക്കി.

ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള സർക്കാരിന്റെ ഇത്തരം വ്യവസ്ഥകളോട് നൂറ് ശതമാനം യോജിപ്പാണുള്ളതെന്നും അവർ പറഞ്ഞു. നാലര മാസത്തോളം സലൂണുകൾ അടച്ചിട്ടതോടെ സാമ്പത്തിക പ്രതിസന്ധി നേരിട്ട പ്രധാന മേഖലകളിലൊന്നാണ് നിരവധി പ്രവാസി മലയാളികൾ ജോലി ചെയ്യുന്ന ബാർബർ, ബ്യൂട്ടി സലൂണുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.