1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2020

സ്വന്തം ലേഖകൻ: ഖത്തറില്‍ ഹോം ക്വാറന്റീന്‍ കാലാവധിയില്‍ വീടിന് പുറത്തിറങ്ങുന്നവര്‍ക്ക് മേല്‍ പിടിമുറുക്കാന്‍ കൊവിഡ് 19 അപകട നിര്‍ണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസില്‍ പുതിയ സുരക്ഷാ ഫീച്ചര്‍ വരുന്നു. സെപ്റ്റംബര്‍ മധ്യത്തോടെ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയാകും ഇഹ്‌തെറാസിന്റെ പ്രവര്‍ത്തനം.

ഒരു വ്യക്തി ദേശീയ മേല്‍വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ അല്ല ക്വാറന്റീനില്‍ കഴിയുന്നത്, അല്ലെങ്കില്‍ ആദ്യം റജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ നിന്ന് വ്യത്യസ്തമായ സ്ഥലത്താണ് ക്വാറന്റീനില്‍ കഴിയുന്നതെങ്കിലും ആപ്പിലെ ലൊക്കേഷന്‍ ഫീച്ചര്‍ തിരഞ്ഞെടുത്ത് നിലവിലെ ക്വാറന്റീന്‍ ലൊക്കേഷന്‍ അതില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.

ഒരു ഫോണില്‍ ഒറ്റത്തവണ മാത്രമേ ആപ്പിലെ ഹോം ക്വാറന്റീന്‍ ലൊക്കേഷന്‍ ‘സെലക്ട്’ ചെയ്യാന്‍ കഴിയുകയുള്ളു. ആപ്പില്‍ ലൊക്കേഷന്‍ സെലക്ട് ചെയ്താലുടന്‍ തന്നെ ക്വാറന്റീന്‍ കാലാവധി കഴിയുന്നത് വരെ ആ ലൊക്കേഷന്‍ ആപ്പില്‍ ലോക്ക് ചെയ്തിരിക്കും. ക്വാറന്റീന്‍ കാലാവധിയില്‍ വ്യക്തി വീടിന് പുറത്തിറങ്ങിയാല്‍ അധികൃതര്‍ക്ക് ഉടനടി സന്ദേശമെത്തും.

ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിച്ച് വീടിന് പുറത്തിറങ്ങുന്നവരുടെ അറസ്റ്റ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ ഫീച്ചര്‍ കൂടുതല്‍ ഗുണകരമാകും. ജൂലൈ അവസാനത്തോടെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ ക്വാറന്റീനില്‍ പ്രവേശിക്കുന്നത് മുതല്‍ ആപ്പിലെ പ്രൊഫൈല്‍ നിറം മഞ്ഞ ആണ്. 6-ാമത്തെ ദിവസം കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആയെങ്കില്‍ മാത്രമാണ് ഇഹ്‌തെറാസില്‍ പച്ച തെളിയൂ.

രാജ്യത്തിനകത്തേക്ക് കൊവിഡ് പകരാനുള്ള സാധ്യത കുറയ്ക്കാനും ഈ ആപ്പ് സഹായകമായതാണ് വിലയിരുത്തൽ. ഇഹ്‌തെറാസ് സംബന്ധിച്ച സാങ്കേതിക സഹായങ്ങള്‍ക്ക് 109 ലും കൊവിഡ് സംബന്ധമായ അന്വേഷണങ്ങള്‍ക്ക് 16000 ത്തിലും ബന്ധപ്പെടാം.

രാജ്യത്തെ ജനങ്ങളെ സുരക്ഷിതരാക്കുന്നതില്‍ ഇഹ്‌തെറാസിന് പ്രധാന പങ്കുണ്ടെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടറും ഇഹ്‌തെറാസ് ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി മേധാവിയുമായ ഡോ.യൂസഫ് അല്‍ മസലമണി പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ അവസാന വാരം പുറത്തിറക്കിയ ഇഹ്‌തെറാസ് ആപ്പ് രാജ്യത്ത് നിര്‍ബന്ധമാക്കിയത് മേയ് 22 മുതല്‍ക്കാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.