1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2020

സ്വന്തം ലേഖകൻ: ഗള്‍ഫിലെ കൊച്ചു രാജ്യമായ ഖത്തര്‍ പലപ്പോഴും മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ മുന്നിലാണ്. ഉയര്‍ന്ന സാമ്പത്തിക ശേഷിയാണ് നേട്ടങ്ങളുടെ പടവുകള്‍ കയറാന്‍ ഖത്തറിനെ എപ്പോഴും സഹായിക്കുന്നത്. ഉപരോധത്തിന്റെ പ്രതിസന്ധികള്‍ ക്രമേണ മറികടന്ന ഖത്തര്‍, സൈന്യത്തെ കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുകയാണ്.

നാവിക സേനയ്ക്ക് മുങ്ങിക്കപ്പല്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ഖത്തര്‍. ഗള്‍ഫില്‍ ഒരു രാജ്യങ്ങള്‍ക്കും മുങ്ങിക്കപ്പല്‍ ഇല്ല. ഇറ്റലിയുമായി ഖത്തര്‍ ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയെന്ന് അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോര്‍ബ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇറ്റലിയില്‍ നിന്നാണ് ഖത്തര്‍ അന്തര്‍വാഹിനി കപ്പല്‍ സ്വന്തമാക്കുക എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍കന്‍തിയറിയുമായിട്ടാണ് കരാര്‍. യൂറോപ്പിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കമ്പനിയാണ് ഫിന്‍കന്‍തിയറി.

അന്തര്‍വാഹിനി കപ്പല്‍ ഖത്തര്‍ നാവിക സേനയുടെ ഭാഗമായാല്‍ അത് ഗള്‍ഫ് മേഖലയില്‍ ചരിത്രമാകും. ജിസിസിയിലെ മറ്റ് അഞ്ച് രാജ്യങ്ങള്‍ക്കും മുങ്ങിക്കപ്പലുകള്‍ കൈവശമില്ല. ജിസിസിയുടെ അയല്‍രാജ്യമായ ഇറാന്റെ കൈവശം മാത്രമാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ മുങ്ങിക്കപ്പലുള്ളത്.

2017ല്‍ ഇറ്റലിയുമായി ഒപ്പുവച്ച കരാറിന്റെ ഭാഗമായിട്ടാണ് മുങ്ങിക്കപ്പല്‍ കൈമാറുക എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അന്ന് 500 കോടി യൂറോയുടെ കരാറാണ് ഒപ്പുവച്ചത്. മുങ്ങിക്കപ്പല്‍ മാത്രമല്ല കരാര്‍ പ്രകാരം വാങ്ങുന്നത്.

ഹെലികോപ്റ്ററുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പല്‍, നാല് യുദ്ധക്കപ്പലുകള്‍, രണ്ട് പട്രോള്‍ ബോട്ടുകള്‍ എന്നിവയാണ് കരാര്‍ പ്രകാരം ഇറ്റാലിയന്‍ കമ്പനി ഖത്തറിന് നല്‍കുക. സൗദി അറേബ്യയും യുഎഇയും മുങ്ങിക്കപ്പല്‍ വാങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അമേരിക്കയും ഇറാനും തമ്മില്‍ കൊമ്പുകോര്‍ക്കല്‍ തുടരുന്നതിനിടെയാണ് ഖത്തറിന്റെ നീക്കമെന്നതും എടുത്തുപറയേണ്ടതാണ്. ജലമേഖലയിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളെല്ലാം ശ്രമിക്കുന്നുണ്ട്. അടുത്തിടെ ചില എണ്ണ കപ്പലുകള്‍ക്ക് നേരെ ഗള്‍ഫില്‍ ആക്രമണമുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.