1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2020

സ്വന്തം ലേഖകൻ: സൗദി അറേബ്യയും ഖത്തറും നടത്തി വന്ന സമവായ ചര്‍ച്ച അലസിപ്പിരിഞ്ഞതായാണ് പുതിയ വാർത്ത.  ഖത്തര്‍ മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. ഇവ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സൗദി നിലപാട് എടുത്തതോടെയാണ് ചര്‍ച്ച പൊളിയാന്‍ കാരണം.

അതിനിടെ ഖത്തറിലേക്കുള്ള മെയില്‍ സര്‍വീസ് യുഎഇ പുനരാരംഭിച്ചു. രണ്ടര വര്‍ഷത്തിന് ശേഷമാണ് വീണ്ടും പോസ്റ്റല്‍ സര്‍വീസ് ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളുടെയും പ്രതിനിധികളും ഐക്യരാഷ്ട്രസഭയുടെ പോസ്റ്റല്‍ ഏജന്‍സിയും സംയുക്തമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

സ്വിറ്റ്സര്‍ലാന്റിലെ ബേണിലാണ് ഐക്യരാഷ്ട്രസഭയുടെ പോസ്റ്റല്‍ യൂണിയന്‍ യുഎഇ-ഖത്തര്‍ പ്രതിനിധികളുടെ യോഗം വിളിച്ചത്. ഖത്തറിനെതിരെ ഉപരോധം ചുമത്തിയ സൗദി അറേബ്യയുടെയും ബഹ്‌റൈന്റെയും ഈജിപ്തിന്റെയും പ്രതിനിധികളും ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നു. 

എല്ലാ രാജ്യങ്ങളും പോസ്റ്റല്‍ സംവിധാനം പുനസ്ഥാപിക്കണം എന്നതായിരുന്നു ഐക്യരാഷ്ട്രസഭാ ഏജന്‍സിയുടെ ആവശ്യം. ചര്‍ച്ച ഗുണപരമായിരുന്നുവെന്ന് യുഎന്‍ പ്രതിനിധി ഡേവിഡ് ഡാഡ്ജ് പറഞ്ഞു. ഭാവി കാര്യങ്ങളില്‍ ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാല്‍ പോസ്റ്റല്‍ സംവിധാനം പുനസ്ഥാപിക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ യുഎഇയോ ഖത്തറോ പ്രതികരിച്ചിട്ടില്ല. മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും 2017 ജൂണ്‍ 5നാണ് ഖത്തറിനെതിരെ ഉപരോധം ചുമത്തിയത്. തൊട്ടുപിന്നാലെ പോസ്റ്റല്‍ സംവിധാനങ്ങളും മറ്റു മെയില്‍ സര്‍വീസുകളും അവസാനിപ്പിക്കുകയും ചെയ്തു.

പോസ്റ്റല്‍ സംവിധാനം പുനസ്ഥാപിച്ചുവെങ്കിലും യുഎഇയില്‍ നിന്ന് ഖത്തറിലേക്ക് നേരിട്ട് അയക്കാന്‍ സാധിക്കില്ല. ഒമാന്‍ വഴിയായിരിക്കും അയക്കുക. യുഎഇ-ഖത്തര്‍ നേരിട്ടുള്ള വിമാന സര്‍വീസ് നിലവിലില്ല. ഒമാന്‍ വഴിയായിരിക്കും മെയിലുകള്‍ അയക്കുകയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.