1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2020

സ്വന്തം ലേഖകൻ: ബക്കിങ്ഹാം കൊട്ടാരവും രാജകീയ പദവികളും ഉപേഷിക്കാനുള്ള ഹാരി, മേഗന്‍ ദമ്പതികളുടെ തീരുമാനം പിന്‍വലിപ്പിക്കാന്‍ അനുനയശ്രമങ്ങളുമായി എലിസബത്ത രാഞ്ജി ചര്‍ച്ചക്ക് തയ്യാറാവുന്നു. ചര്‍ച്ചയില്‍ പ്രശനം രമ്യമായി പരിഹരിക്കാനാവുമെന്നാണ് കൊട്ടാരത്തിന്റെ പ്രതീക്ഷ.

രാജകുടുംബം വിട്ട് സാമ്പത്തികമായ സ്വാതന്ത്ര്യം നേടാന്‍ തീരുമാനിച്ച ഇരുവരെയും താന്‍ പിന്തുണയ്ക്കുന്നെന്ന് എലിസബത്ത് രാജ്ഞി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

“ഞാനും എന്റെ കുടുംബവും പുതിയൊരു ജീവിതം തുടങ്ങാനുള്ള ഇരുവരുടെയും തീരുമാനത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. രാജകുടുംബ ചുമതലകളിലെ മുഴുവന്‍ സമയ അംഗങ്ങളായി ഇരുവരും ഉണ്ടാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെങ്കിലും കുറേ കൂടി സ്വതന്ത്രമായ ഒരു കുടുംബ ജീവിതം തുടങ്ങാനുള്ള അവരുടെ ആഗ്രഹത്തെ ഞങ്ങള്‍ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു,” രാജ്ഞി പറഞ്ഞു.

അതേ സമയം ബ്രിട്ടനില്‍ നിന്ന് പോയാലും ഇരുവരും കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ ആയിരിക്കുമെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു. ഇതോടെ ബ്രിട്ടീഷ് രാജകുടുംബം വിട്ട് കാനഡയില്‍ താമസം മാറാനുദ്ദേശിച്ചിരിക്കുന്ന പ്രിന്‍സ് ഹാരിക്കും മേഗനും രാജകുംടുംബത്തിന്റെ പരമാധികാരിയായ എലിസബത്തില്‍ നിന്നും ഔദ്യോഗിക അനുവാദം ലഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് രാജകുടുംബ ചുമതലകളില്‍ നിന്നും വിട്ട് നില്‍ക്കാനും സാമ്പത്തിക സ്വാതന്ത്ര്യം കൈവരുത്താനും ആഗ്രഹിക്കുന്നതായി പ്രിന്‍സ് ഹാരിയും മേഗനും ഔദ്യോഗിക പ്രസ്താവനയിറക്കിയത്. കാനഡയിലും ബ്രിട്ടനിലുമായി പുതിയ ജീവിതം തുടങ്ങാനാണ് ഇരുവരുടെയും പദ്ധതി. പ്രസ്താവനയ്ക്ക് പിന്നാലെ മേഗന്‍ കാനഡയിലേക്ക് തിരിക്കുകയും ചെയ്തു. എലിസബത്തിനെ അറിയിക്കാതെയുള്ള ഇരുവരുടെയും പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

പ്രിന്‍സ് ഹാരിയുടെ ജേഷ്ഠന്‍ വില്യം രാജകുമാരനുമായും ഭാര്യ കെയ്റ്റുമായും മേഗനുള്ള അസ്വാരസ്യങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതേ പറ്റി ഇരു പക്ഷവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിയന്ത്രിത ചട്ടക്കൂടുകളില്‍ രാജകുടുംബം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമില്ലാത്ത മേഗന്‍ മാര്‍ക്കല്‍ സ്വന്തമായി ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ താല്‍പര്യപെടുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതോടൊപ്പം മേഗന്‍ മര്‍ക്കലിനെ ബ്രിട്ടനിലെ പാപ്പരാസി മാധ്യമങ്ങള്‍ നിരന്തരമായി വംശീയമായി ആക്രമിക്കുന്നതും വ്യക്തിജീവിതത്തെ മോശമായ ചിത്രീകരിക്കുന്നതും കാനഡയിലേക്ക് മാറാനുള്ള ഒരു പ്രധാന കാരണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തിലെത്തിയതു മുതല്‍ തനിക്കനുഭവിക്കേണ്ട വന്ന ബുദ്ധിമുട്ടുകള്‍ 2019 ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി ആഫ്രിക്കന്‍ ജേര്‍ണിയില്‍ മേഗന്‍ തുറന്നു പറഞ്ഞിരുന്നു.

താന്‍ വിവാഹം കഴിക്കുന്നത് ഹാരിയെയാണെന്ന് പറഞ്ഞപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ സന്തോഷിച്ചിരുന്നെന്നും എന്നാല്‍ തന്റെ ബ്രിട്ടീഷ് സുഹൃത്തുക്കള്‍ തന്നെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും മേഗന്‍ വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് പാപ്പരാസികള്‍ തന്റെ ജീവിതം തകര്‍ത്തുകളയുമെന്നാണ് ഇവര്‍ അതിനു കാരണമായി മേഗനോട് പറഞ്ഞിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.