1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2019

സ്വന്തം ലേഖകൻ: ലോക ഫുട്‌ബോളിന് തീരാക്കളങ്കമായി വീണ്ടും വംശീയാധിക്ഷേപം തലപൊക്കുന്നു. യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെയായിരുന്നു ബള്‍ഗേറിയന്‍ കാണികളുടെ അതിരുവിട്ട പെരുമാറ്റം. സംഭവത്തെ തുടര്‍ന്ന് രണ്ടുതവണ ഇംഗ്ലണ്ട്-ബള്‍ഗേറിയ മത്സരം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. വിവാദമായതോടെ ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബോറിസ്ലാവ് മിഹായ്‌ലോവ് രാജിവെച്ചു. ബള്‍ഗേറിയയിലെ സോഫിയയിലായിരുന്നു മത്സരം.

ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബോയ്‌കോ ബോറിസോവിന്റെ ആവശ്യപ്രകാരമാണ് രാജി. രാജിവെച്ചില്ലെങ്കില്‍ അസോസിയേഷനുമായുള്ള ബന്ധം മരവിപ്പിക്കുമെന്നും ഫണ്ട് തടയുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇംഗ്ലീഷ് ടീമിലെ അരങ്ങേറ്റക്കാരന്‍ ടയ്‌റോണ്‍ മിങ്‌സ്, റഹീം സ്‌റ്റെര്‍ലിങ് എന്നിവര്‍ക്കു നേരെയാണ് അധിക്ഷേപമുണ്ടായത്. കളിയില്‍ ഇംഗ്ലണ്ട് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കു മുന്നില്‍ നില്‍ക്കവെയായിരുന്നു സംഭവം.

അധിക്ഷേപം തുടര്‍ന്നാല്‍ മത്സരം ഉപേക്ഷിക്കേണ്ടി വരുമെന്നു വരെ പ്രഖ്യാപനം നടന്നിട്ടും കാണികള്‍ അടങ്ങാന്‍ കൂട്ടാക്കിയില്ല. അതേത്തുടര്‍ന്ന് റഫറി ഇവാന്‍ ബെബെക്ക് താരങ്ങളോടും ഇംഗ്ലണ്ട് പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റിനോടും ചര്‍ച്ച നടത്തി. അധിക്ഷേപം നടക്കുന്നതിനിടയിലും മത്സരം തുടരാന്‍ തീരുമാനിച്ചതോടെ ഇംഗ്ലണ്ട് ലീഡ് നില ഉയര്‍ത്തുകയും മത്സരം ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്കു ജയിക്കുകയും ചെയ്തു.

ഫിഫയുടെ വംശീയവിരുദ്ധ മുദ്രാവാക്യമായ ‘റെസ്‌പെക്ട്’ എന്നതിനു പകരം ‘നോ റെസ്‌പെക്ട്’ എന്നെഴുതിയ ബാനറും കുരങ്ങിന്റെ ചിത്രം പതിച്ച ടീഷര്‍ട്ടുകളും നാസി സല്യൂട്ടുമായാണ് ബള്‍ഗേറിയന്‍ കാണികള്‍ രംഗത്തിറങ്ങിയത്. “കുരങ്ങന്മാര്‍ കളിക്കേണ്ട, രാജ്യം വിടുക“ എന്നീ വാക്കുകള്‍ ഉപയോഗിച്ചും അവര്‍ അധിക്ഷേപം നടത്തി. ടയ്‌റോണ്‍ മിങ്‌സിന്റെ കാലില്‍ പന്തെത്തുമ്പോഴെല്ലാം അവര്‍ കുരങ്ങിന്റെ ശബ്ദമുണ്ടാക്കി.

27-ാം മിനിറ്റില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ആവശ്യപ്പെട്ടതോടെയാണ് മത്സരം താത്കാലികമായി റഫറിക്കു നിര്‍ത്തിവെയ്‌ക്കേണ്ടി വന്നത്. കുറച്ചുസമയത്തിനുശേഷം മത്സരം പുനരാരംഭിച്ചെങ്കിലും അധിക്ഷേപം തുടര്‍ന്നതിനാല്‍ 43-ാം മിനിറ്റില്‍ വീണ്ടും നിര്‍ത്തിവെച്ചു. പിന്നീട് ഏറെനേരത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണു മത്സരം തുടരാന്‍ തീരുമാനിച്ചത്. ഇതിനിടെ ബള്‍ഗേറിയന്‍ ക്യാപ്റ്റന്‍ ഇവെലിന്‍ പോപോവ് ആരാധകരോട് വംശീയാധിക്ഷേപം നിര്‍ത്തണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തെങ്കിലും കൂവി വിളിച്ചാണ് ആൾക്കൂട്ടം പ്രതികരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.