1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2020

സ്വന്തം ലേഖകൻ: റോഹിങ്ക്യന്‍ മുസ്‌ലിം ന്യൂനപക്ഷം വംശഹത്യക്കിരയാകാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മ്യാന്മറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി. 1948ലെ വംശഹത്യ വിരുദ്ധ കണ്‍വെന്‍ഷന്റെ നിര്‍ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച 17 അംഗ കോടതി, റോഹിങ്ക്യകളുടെ അവകാശങ്ങള്‍ക്കു മേല്‍ മ്യാന്മര്‍ ഭരണകൂടം അപരിഹാര്യമായ കോട്ടം വരുത്തിയതായി അഭിപ്രായപ്പെട്ടു. വിഷയത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ചാണ് കോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്.

സര്‍ക്കാറിന്റെ പിന്തുണയോടെ നടക്കുന്ന അക്രമങ്ങളില്‍ 7,30,000ത്തോളം റോഹിങ്ക്യകള്‍ അഭയാര്‍ഥികളായതായി ചൂണ്ടിക്കാട്ടി 2019 നവംബറില്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയാണ് ഹേഗിലെ കോടതിയെ സമീപിച്ചത്. ഗാംബിയയില്‍നിന്നും മ്യാന്മറില്‍നിന്നുമുള്ള ഓരോ അംഗങ്ങളുള്‍പ്പെടുന്ന 17 അംഗ ജഡ്ജിമാര്‍, റോഹിങ്ക്യകള്‍ സംരക്ഷിത വിഭാഗമാണെന്ന് ഐകകണ്‌ഠ്യേന പ്രഖ്യാപിച്ചു. യു.എന്‍ വംശഹത്യ വിരുദ്ധ കണ്‍വെന്‍ഷനിലെ രണ്ടാം വകുപ്പ് പ്രകാരമാണ് വിധി.

ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള അഭയാര്‍ഥി ക്യാമ്പിലെ സന്ദര്‍ശനമാണ് ഗാംബിയന്‍ നിയമ മന്ത്രി അബൂബക്കര്‍ തമ്പദൗവിനെ റോഹിങ്ക്യകൾക്കായി പോരാട്ടത്തിനിറങ്ങാൽ പ്രേരിപ്പിച്ചത്. റോഹിങ്ക്യകളുടെ അനുഭവങ്ങള്‍ കേട്ട തമ്പദൗവ്, അന്താരാഷ്ട്ര ടെലിവിഷന്‍ ചാനലുകളിലെ പതിവ് അഭയാര്‍ഥി വാര്‍ത്തയല്ല റോഹിങ്ക്യകളുടേതെന്നും സൈന്യവും ഭൂരിപക്ഷ ജനതയും ചേര്‍ന്ന് നടത്തുന്ന വ്യവസ്ഥാപിത വംശഹത്യയാണെന്നും തിരിച്ചറിഞ്ഞു. മ്യാന്മര്‍ സ്‌റ്റേറ്റ് കൗണ്‍സിലറും നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സൂചിയെ വരെ വിചാരണ ചെയ്യുന്നതിലേക്ക് നയിച്ചത് അദ്ദേഹം നടത്തിയ പോരാട്ടമാണ്.

1994ല്‍ റുവാണ്ടയില്‍ അരങ്ങേറിയ വംശഹത്യക്ക് സമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് എട്ടുലക്ഷം ടുട്ട്‌സി വംശജരാണ് കൊല്ലപ്പെട്ടത്. റോഹിങ്ക്യന്‍ വംശജരെ പൂര്‍ണമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് യു.എന്‍ റുവാണ്ട ട്രൈബ്യൂണലില്‍ പ്രോസിക്യൂട്ടറായിരുന്നു തമ്പദൗവ് പറഞ്ഞു.

മ്യാന്മറില്‍ സൈനിക നിയന്ത്രണത്തില്‍ കഴിയുന്ന ആറു ലക്ഷം റോഹിങ്ക്യകളുടെ സ്ഥിതി അതിഗുരുതരമാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ റോഹിങ്ക്യന്‍ വംശഹത്യ തടയാന്‍ മ്യാന്മര്‍ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണം. റോഹിങ്ക്യകളെ കൊല്ലുന്നതും ശാരീരികമാനസിക പീഡനം നടത്തുന്നതും കൂട്ട ഹത്യ നടത്തുന്നതും അവരുടെ ജനനം തടയുന്നതുമടക്കമുള്ളവക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും വിധിയിൽ പറയുന്നു.

സേനയോ മറ്റു വിഭാഗങ്ങളോ വംശഹത്യയും മറ്റ് അതിക്രമങ്ങളും നടത്തുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അന്താരാഷ്ട്ര കോടതി ആവശ്യപ്പെട്ടു. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സമയബന്ധിതമായി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.