1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2020

സ്വന്തം ലേഖകൻ: കര്‍ണാടകയിലെ കനകപുരയില്‍ 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപിയും ആര്‍.എസ്.എസും. കനകപുര ചലോ എന്ന പേരില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധമാര്‍ച്ചില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.

കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ പദ്ധതിയാണ് പ്രതിമയെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. എന്നാല്‍ ഡി.കെ. ശിവകുമാര്‍ ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി. ഗ്രാമത്തിലുള്ളവരുടെയും ക്രിസ്ത്യന്‍ മത വിഭാഗത്തിന്റെയും തീരുമാനപ്രകാരമാണ് പ്രതിമ നിര്‍മിക്കുന്നതെന്നും തന്റെ തീരുമാനമല്ലെന്നും ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.

സ്ഥലം എം.എല്‍.എ എന്ന നിലയില്‍ താന്‍ അവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും മാത്രമാണ് ചെയ്തതെന്നും ഡി.കെ ശിവകുമാര്‍ പറയുന്നു. പ്രതിമ നിര്‍മിക്കാനായി സ്ഥലം വിട്ടുനല്‍കിയെന്നും എല്ലാം നിയമപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്ത് പ്രകോപനം ഉണ്ടായാലും സംയമനം പാലിക്കണമെന്നും അദ്ദേഹം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ശിവകുമാറിന്റെ നിയോജകമണ്ഡലത്തിലെ ക്രിസ്ത്യാനികള്‍ ആധിപത്യം പുലര്‍ത്തുന്ന ഗ്രാമമായ ഹരോബെലെയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ഏകദേശം 400 വര്‍ഷത്തോളമായി ഇവിടെ ഈ സമൂഹം ജീവിച്ചുവരുന്നു. ക്രിസ്മസ് ദിനത്തില്‍ പ്രതിമ നിര്‍മിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിമ നിര്‍മിക്കുന്ന ട്രസ്റ്റിന് ഡി.കെ ശിവകുമാര്‍ കൈമാറി.

13 പടികള്‍ ഉള്‍പ്പെടെ പ്രതിമയുടെ ഉയരം 114 അടിയാണ്. പടികളുടെ നിര്‍മാണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമകളില്‍ ഒന്നായിരിക്കും കര്‍ണാടകയിലെ കനകപുരയില്‍ ഉയരുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.