1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2019

സ്വന്തം ലേഖകൻ: പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ് അന്ന ബെന്നിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍. ചിത്രത്തില്‍ ഹെലന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അന്ന ബെന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. സിനിമാ രംഗത്തുനിന്നും അല്ലാതെയും നിരവധി പേരാണ് അന്നയുടെ അഭിനയ മികവിനെ കുറിച്ച് വാചാലരായത്. ഇപ്പോഴിതാ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ചിത്രം കണ്ടതിന് ശേഷമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ്.

ആഹ്ലാദകരമായ ഒരു അമ്പരപ്പാണ് തനിക്ക് തോന്നിയത് എന്നാണ് സിനിമ കണ്ടതിന് ശേഷം സത്യന്‍ അന്തിക്കാട് പ്രതികരിച്ചത്. പടം തീര്‍ന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റില്‍ നിന്നെഴുന്നേല്‍ക്കാന്‍ തോന്നിയില്ലെന്നും അത്രയേറെ ആ പെണ്‍കുട്ടി തന്നെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍:

ആഹ്ലാദകരമായ ഒരു അമ്പരപ്പിനെ പറ്റി പറയാം.

‘ഹെലന്‍’ എന്ന സിനിമ കണ്ടു. പടം തീര്‍ന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റില്‍ നിന്നെഴുന്നേല്‍ക്കാന്‍ തോന്നിയില്ല. അത്രയേറെ ആ പെണ്‍കുട്ടി എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു.

അന്ന ബെന്‍..ബെന്നി പി നായരമ്പലത്തിന്റെ വീട്ടില്‍ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല ഈ മോള്‍ക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന്. ‘കുമ്പളങ്ങി നൈറ്റ്‌സ്’ കണ്ടപ്പോള്‍ തന്നെ തോന്നിയിരുന്നു, എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന്.

ഹെലനില്‍ അഭിനയത്തിന്റെ പൂര്‍ണ്ണതയെന്താണെന്ന് അന്ന ബെന്‍ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. എന്തൊരു ചാരുതയാണവളുടെ ഭാവങ്ങള്‍ക്ക്!

ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നില്‍ തുറന്ന് കിടക്കുന്നു. ഇനി ആത്മവിശ്വാസത്തോടെ പറക്കാം. ഒരു പാട് പ്രശംസകളും അംഗീകാരങ്ങളും അന്നയെ കാത്തിരിക്കുന്നുണ്ട്. മനസ്സ് നിറഞ്ഞ സ്‌നേഹവും പ്രാര്‍ത്ഥനയും.

വിനീതിനും, ആദ്യ സിനിമ ഹൃദ്യമാക്കിയ മാത്തുക്കുട്ടി സേവ്യറിനും, ഷാനും മറ്റെല്ലാ അണിയറ പ്രവത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.