1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി മൂലം രാജ്യാന്തര യാത്രകൾ മുടങ്ങിയത് കാരണം സൗദിയിലേക്ക് തിരിച്ച് വരാനാകാത്ത വിദേശികളുടെ ഇഖാമ, റീ-എൻട്രി വീസകൾ നീട്ടി നൽകാൻ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും സ്വമേധയാ പുതുക്കുമെന്നും സൗദി പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. നാഷനൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ചാണ് നടപടികൾ.

സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിൽ നിന്ന് വിദേശികളുടെ വർക് പെർമിറ്റ്‌ പുതുക്കിയ വിവരം കൈമാറുന്ന മുറക്ക് ഇഖാമയും (താമസരേഖ) സ്വമേധയാ പുതുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി ഇഖാമ ഉടമ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതില്ല.

നിലവിലെ സാഹചര്യത്തിൽ രാജ്യത്തേക്ക് പ്രവേശിക്കാനാകാതെ പുറത്ത് കുടുങ്ങിയവരുടെ കാലാവധി തീർന്ന വീസയും ഇഖാമയും, രാജ്യത്തിനകത്ത് താമസിക്കുന്നവരിൽ റീ എൻട്രി, എക്സിറ്റ് എന്നിവ അടിച്ച് ഉപയോഗപ്പെടുത്താനാവാതെ അവധി തീർന്നവർ, സന്ദർശക വീസയിൽ രാജ്യത്തെത്തി തിരിച്ച് പോകാൻ കഴിയാത്തവർ എന്നിവർക്ക് നേരത്തെ കാലാവധി നീട്ടിനൽകൽ, ഫീസിളവ് തുടങ്ങിയ ആനുകൂല്യങ്ങൾ രാജ്യം പ്രഖ്യാപിച്ചിരുന്നു.

സൌദിയിൽ അടുത്ത മാസം മുതൽ ഒമ്പത് വ്യാപാര മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കും. ചില്ലറ-മൊത്ത വ്യാപാര മേഖലകളിൽ 70 ശതമാനമാണ് സൌദിവൽക്കരണം നടപ്പിലാക്കുക. മലയാളികളടക്കം നിരവധി വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ പദ്ധതി.

ചില്ലറ – മൊത്ത വ്യാപാര മേഖലകളിലെ ഒമ്പത് വിഭാഗം സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന്, ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ രാജ്ഹി പ്രഖ്യാപിച്ചിരുന്നതാണ്. മുഹറം ഒന്ന് അഥവാ ആഗസ്റ്റ് 20 മുതല്‍ പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രാലയം അറിയിച്ചു.

ചായ, കോഫി, കാരക്ക, തേന്‍, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങള്‍, പാനീയങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും, ധാന്യങ്ങള്‍, വിത്തുകള്‍, പൂക്കള്‍, ചെടികള്‍, കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍, സ്റ്റേഷനറി, ഗിഫ്റ്റുകള്‍, കരകൗശല വസ്തുക്കള്‍, പുരാവസ്തുക്കള്‍, കളിപ്പാട്ടം, മാംസം, മത്സ്യം, മുട്ട, പാല്‍, സസ്യ എണ്ണ, സോപ്പ്, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വില്‍ക്കുന്ന സ്ഥാപനങ്ങളിലുമാണ് പുതിയതായി സ്വദേശി വൽക്കരണം നടപ്പിലാക്കുക.

ഇത്തരം വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്വദേശിവല്‍ക്കരണം ബാധകമായിരിക്കും. 70 ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.