1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2020

സ്വന്തം ലേഖകൻ: വിടവാങ്ങൽ പ്രദക്ഷിണം നടത്തി ഹാജിമാർ മക്കയോടു വിടചൊല്ലിയതോടെ ഹജ്ജിന് ഔദ്യോഗിക സമാപനം. കൊവിഡ് ഭീതിക്കിടയിലും ആദ്യാവസാനം സുഗമമായിരുന്നു ഇത്തവണത്തെ തീർഥാടനവും. 3 ജംറകളിലും കല്ലെറിഞ്ഞ ശേഷമാണ് ഹാജിമാർ മിനാ വിട്ടത്. ഹജ്, ഉംറ മന്ത്രാലയത്തിന്റെ മുദ്ര പതിപ്പിച്ച സമ്മാനപ്പൊതികൾ തീർഥാടകർക്കു നൽകി. കൊവിഡ് ജാഗ്രതയുടെ ഭാഗമായി തീർഥാടകർ ഇനി 14 ദിവസം വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയും.

ഹജ് തീർഥാടനത്തിനിടെ ദിവസേന മക്ക ഗ്രാൻഡ് മോസ്ക് അണുവിമുക്തമാക്കിയത് 10 തവണ. 2400 ലിറ്റർ സാനിറ്റൈസറാണ് പ്രതിദിനം ഇതിനായി ഉപയോഗിച്ചത്. ഇതിനു പുറമെ വിലകൂടിയ 1050 ലീറ്റർ സുഗന്ധവും സ്പ്രേ ചെയ്തിരുന്നു. അണുവിമുക്ത യജ്ഞത്തിൽ 3500 ജീവനക്കാരാണ് 24 മണിക്കൂറും പങ്കാളികളായതെന്നും അധികൃതർ അറിയിച്ചു. ശുചീകരണ, അണുവിമുക്ത പദ്ധതിക്കായി 95 ആധുനിക മെഷീനും എത്തിച്ചിരുന്നു.

കൊവിഡ് പ്രതിസന്ധിയിലും പ്രാർഥനാ നിരതമായി ഹജിന് സമാപനം കുറിക്കാനായത് സൌദിയ്ക്കും അഭിമാന നേട്ടമായി. ആരോഗ്യം, സുരക്ഷാ, പൊലീസ്, ഹജ് മന്ത്രാലയം തുടങ്ങി എല്ലാ വിഭാഗവും കണ്ണിമവെട്ടാതെ ഹാജിമാരെ സംരക്ഷിക്കുകയും കർമങ്ങൾ ചെയ്യാൻ സഹായിക്കുകയും ചെയ്തു. ഓരോ രാജ്യക്കാരുടെയും അഭിരുചിക്കനുസരിച്ച് 4 നേരവും ഭക്ഷണപ്പൊതികൾ അണുവിമുക്തമാക്കി അതതു സ്ഥലത്ത് എത്തിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ നിതാന്ത ജാഗ്രതയും സേവന സന്നദ്ധതയും തന്നെയാണ് ഈ വർഷത്തെ ഹജിന്റെ പ്രധാന ആകർഷണമെന്ന് ഹാജിമാർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.