1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2020

സ്വന്തം ലേഖകൻ: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി സൌദി ഏർപ്പെടുത്തിയ യാത്രാവിലക്കുകൾ 2021 ജനുവരി 1 മുതൽ പൂർണമായും നീക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. അതേസമയം ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവാസികൾക്കും സെപ്തംബർ 15 മുതൽ രാജ്യത്ത് പ്രവേശിക്കാൻ അനുവാദമുണ്ട്.

അവധി തീരാത്ത എക്സിറ്റ്, റീഎൻട്രി വീസ, വർക്ക് വീസ, താമസ രേഖ (ഇഖാമ), വിസിറ്റ് വീസ എന്നിവയുള്ള പ്രവാസികളും ഇതിൽ ഉൾപ്പെടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജനുവരി 1 മുതൽ കോവിഡ് പ്രോട്ടോക്കോളുകളും മുൻകരുതൽ നടപടികളും പാലിച്ച് വിമാനത്താവളങ്ങളും, കര, കടൽ അതിർത്തികളും തുറക്കുന്നതിലൂടെ പൗരന്മാർക്കും താമസക്കാർക്കും രാജ്യം വിടുന്നതിനും മടങ്ങുന്നതിനുമുള്ള നിയന്ത്രണങ്ങൾ പൂർണമായും നീങ്ങും.

ഉംറ സർവീസുകൾ ഇപ്പോൾ പുനരാരംഭിക്കില്ല. സെപ്റ്റംബർ 15 ചൊവ്വാഴ്ച രാവിലെ 6 മുതലാണ് ഈ ഇളവുകൾ പ്രാബല്യത്തിൽ വരുക. രാജ്യത്ത് പകർച്ചവ്യാധിയെ നേരിടുന്നതിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് വിദഗ്ധർ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിരവധി രാജ്യങ്ങളിൽ കൊറോണ വ്യാപന നിരക്ക് നിലവിലെ ഉയർന്ന് തന്നെ തുടരുന്നു. ഇത് പകർച്ച വ്യാധിയുടെ രണ്ടാം ഘട്ട വ്യാപനത്തിലേക്ക് ഒരു പക്ഷേ നയിച്ചേക്കാം. 2020 അവസാനിച്ചിട്ടും ഈ മഹാമാരി തടയുന്നതിന് സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭിക്കാതിരിക്കുന്ന സ്ഥിതി കണക്കിലെടുത്താണ് പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും പൂർണ സംരക്ഷണം നൽകിക്കൊണ്ടുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുന്നതെന്ന് അഭ്യന്തര വക്താവ് പറഞ്ഞു.

യാത്രകൾ തുടങ്ങുന്നതിലൂടെ പകർച്ച വ്യാധിയുടെ സ്ഥിതി കൂടുതൽ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തതിന് ശേഷമേ നിർത്തിവെച്ച ഉംറ സർവീസ് ഘട്ടം ഘട്ടമായി പുനരാരംഭിക്കുകയുള്ളൂ.

ശേഷിക്കുന്ന എല്ലാ യാത്രാ നിയന്ത്രണങ്ങളും നീക്കുന്നത് സംബന്ധിച്ച് ജനുവരി 30 ന് മുമ്പായി തീരുമാനമെടുക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നുണ്ട്. നിലവിൽ യാത്ര ചെയ്യുന്നവർ പാലിക്കേണ്ട നിബന്ധനകളും വ്യവസ്ഥകളും അധികൃതർ പുറത്തിറക്കി.

വിമാനത്താവളങ്ങൾ, കര, കടൽ അതിർത്തികൾ എന്നിവിടങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഏത് യാത്രക്കാരും അവരുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ച ഒരു ഫോം സമർപ്പിച്ചിരിക്കണം.

മറ്റ്​ ജി.സി.സി രാജ്യങ്ങളിലുള്ള സൌദി പൗരന്മാർക്കും തൊഴിൽ റീഎൻട്രി വിസ, സന്ദർശന വിസ എന്നിവയുള്ള വിദേശികളും ഉൾപ്പെടെയുള്ളവർക്കാണ്​ ചൊവ്വാഴ്​ച മുതൽ പ്രവേശനാനുമതി നൽകുന്നത്​. ഇവരെല്ലാം കോവിഡ്​ മുക്തമാണെന്ന്​ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം​.

പ്രവേശന കവാടത്തിലെത്തുന്നതിന്​ 48 മണിക്കൂർ മുമ്പ്​ ഇഷ്യൂ ചെയ്​ത രേഖയായിരിക്കണം. അതേസമയം, നിരോധനം പൂർണമായും നീക്കുന്ന ജനുവരി ഒന്നിന്​ 30 ദിവസം മുമ്പ് പ്രവേശന കവാടങ്ങൾ തുറക്കുന്ന സമയം എപ്പോഴാണെന്ന്​​ പ്രഖ്യാപിക്കും. ആ സമയത്ത്​ പ്രവേശന കവാടങ്ങളിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും വേണ്ട ആരോഗ്യ മുൻകരുതലും ആവശ്യകതകളും സജ്ജീകരിക്കാനുള്ള അപേക്ഷ സമർപ്പിക്കാം.

എന്നാൽ സർക്കാർ ഉദ്യോഗസ്ഥ​ർ, സൈനികർ, ഒൗദ്യോഗിക ചുമതലകളിൽ നിയോഗിക്കപ്പെട്ടവർ, വിദേശത്ത്​ സൌദി നയതന്ത്ര കാര്യാലയങ്ങളിലെ ജീവനക്കാർ, അവരുടെ ആശ്രിതർ, വ്യവസായ പ്രമുഖർ, വിദേശ രാജ്യങ്ങളിൽ ചികിത്സവേണ്ട രോഗികൾ, സ്​കോളർഷിപ്പ്​ വിദ്യാർഥികൾ തുടങ്ങിയവരെ സെപ്​റ്റംബർ 15 മുതൽ ഏതുസമയവും​ രാജ്യത്തുനിന്ന്​ പുറത്തേക്ക്​ പോകാനും തിരിച്ചുവരാനും അനുവദിക്കും. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെയും രാജ്യത്തേക്ക്​ പ്രവേശിക്കാനും പുറത്തു പോകാനും അനുവദിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.