1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2020

സ്വന്തം ലേഖകൻ: ഇറാൻ – യുഎസ് സംഘർഷം അശാന്തമാക്കിയ ഗള്‍ഫിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതായിരുന്നു സൗദി അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം. യമനിലെ ഹൂത്തി വിമതരാണ് ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആക്രമണം നടത്തിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഹൂത്തികള്‍ രംഗത്തുവരികയും ചെയ്തിരുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച ഐക്യരാഷ്ട്ര സഭാ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. റോയിട്ടേഴ്‌സ് ആണ് രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടത്. ഹൂത്തികള്‍ക്ക് കഴിഞ്ഞ സപ്തംബറില്‍ നടന്ന ആക്രമണങ്ങളുമായി ബന്ധമില്ലെന്ന് യുഎന്‍ സംഘം കണ്ടെത്തി.

ഡ്രോണുകളും ക്രൂയിസ് മിസൈലുകളുമാണ് അരാംകോ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് യുഎന്‍ അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നു. അരാംകോ കേന്ദ്രത്തിലേക്ക് എത്തിയ മിസൈലുകള്‍ യമന്‍ ഭാഗത്ത് നിന്നല്ല വന്നത്. ആക്രമണത്തിന്റെ ദിശ പഠിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തദ്ദേശീയമായി നിര്‍മിച്ച ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു യുഎന്‍ സംഘം കരുതുന്നില്ല. മാത്രമല്ല യമനിലാണ് ഈ ആയുധം നിര്‍മിച്ചത് എന്നതിനും തെളിവില്ല. യമനില്‍ നിന്ന് അരാംകോ കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം തീര്‍ത്തുപറയുന്നു.

യമനെതിരെ തുടരുന്ന ഉപരോധം സംബന്ധിച്ച് പരിശോധിക്കുന്ന സംഘമാണ് അന്വേഷണം നടത്തിയത്. യമനില്‍ നിന്ന് അരാംകോ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നോ എന്നത് മാത്രമായിരുന്നു ഇവര്‍ക്ക് നല്‍കിയ പരിഗണനാ വിഷയം. അതേസമയം, മറ്റേതെങ്കിലും ശക്തി ആക്രമിച്ചോ എന്ന് സംഘം പരിശോധിച്ചിട്ടില്ല.

സൗദിയെ സൈനികമായി തകര്‍ക്കുക എന്നതായിരുന്നില്ല അരാംകോ കേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തിന്റെ ലക്ഷ്യം. സാമ്പത്തികമായി തകര്‍ക്കലായിരുന്നു. സൗദിയുടെ വരുമാനത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് അരാംകോ എണ്ണ കമ്പനി. ഓഹരി വിപണനം കമ്പനി ആലോചിക്കവെ ആയിരുന്നു ആക്രമണം.

സപ്തംബര്‍ 14നാണ് സൗദിയിലെ അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ അരാംകോ കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായത്. ഉടനെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂത്തികള്‍ രംഗത്തുവന്നു. എന്നാല്‍ സൗദിയും യൂറോപ്പും അമേരിക്കയും കുറ്റപ്പെടുത്തിയത് ഇറാനെ ആയിരുന്നു. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.