1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2020

സ്വന്തം ലേഖകൻ: ഗൾഫ് മേഖലയിലെ യുഎസ് ഇടപെടലിന് പിന്തുണ പ്രഖ്യാപിച്ച് സൌദി. ഇസ്രയേൽ–പലസ്തീൻ പ്രശ്നപരിഹാരത്തിനായുള്ള യുഎസ് ഇടപെടലിനെ പിന്തുണയ്ക്കുന്നതായി സൌദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. യുഎസ് മധ്യസ്ഥതയിൽ യുഎഇയും ബഹ്റൈനും ഇസ്രയേലുമായി നയതന്ത്രബന്ധം തുടങ്ങിയതിന് പിന്നാലെയാണ് സൌദി ഭരണാധികാരിയുടെ പ്രസ്താവന

അമേരിക്കയുടെ മധ്യസ്ഥതയിൽ മേഖലയിൽ പുരോഗമിക്കുന്ന സമാധാനശ്രമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇസ്രയേലും ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധമാണ്. ഈ പശ്ചാത്തലത്തിലാണ് ചർച്ചയിലൂടെ ന്യായമായതും സമഗ്രവുമായ ഒരു കരാറിലെത്താൻ ഇസ്രയേലിനും പലസ്തീനും അവസരമൊരുക്കുന്ന യുഎസ് ശ്രമത്തിന് സൌദി ഭരണാധികാരി സൽമാൻ രാജാവ് പിന്തുണ അറിയിച്ചത്.

പിടിച്ചെടുത്ത പലസ്തീൻ പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നതടക്കമുള്ള അറബ് സമാധാന പദ്ധതി അംഗീകരിക്കാതെ ഇസ്രയേലുമായി സഹകരിക്കില്ലെന്ന് സൌദി അറേബ്യ നേരത്തേ വ്യക്തമാക്കിയിരുന്നു. ഭീകരതയെ പ്രതിരോധിക്കുന്നതിനും സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും സഹായകമാകുന്ന രാഷ്ട്രീയ പരിഹാരങ്ങളെ രാജ്യം പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് സൽമാൻ രാജാവ് വ്യക്തമാക്കി.

മേഖലയിലെ സമാധാനവും സുരക്ഷയും സുസ്ഥിരതയും ഉറപ്പു വരുത്തുന്നതിനുള്ള ശ്രമം തുടരും. മേഖലയേയും ലോകത്തേയും അസ്ഥിരപ്പെടുത്തുന്ന ഇറാന്റെ നീക്കങ്ങളെ പ്രതിരോധക്കണമെന്നും സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തി.

അതിനിടെ ഉപാധികളില്ലാത്ത തുറന്ന ചര്‍ച്ചയാണ് ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗമെന്ന് ഖത്തര്‍ അമീര്‍. ഖത്തറിനെതിരായ ഉപരോധം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചാല്‍ മാത്രമേ മേഖലയില്‍ സമാധാനം കൈവരികയുള്ളൂവെന്നും ഖത്തര്‍ അമീര്‍ യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ അമീര്‍ പറഞ്ഞു.

യുഎന്‍ പൊതുസഭയുടെ 75ാമത് സെഷനിലാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി നിലപാട് ആവര്‍ത്തിച്ചത്. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ചാല്‍ മാത്രമേ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമാകൂ. ഉപാധികളില്ലാത്ത തുറന്ന ചര്‍ച്ചകളാണ് പ്രശ്നപരിഹാരത്തിന് വേണ്ടത്. രാജ്യങ്ങളുടെ പരമാധികാരവും പരസ്പര ബഹുമാനവും ഉള്‍ക്കൊണ്ട് വേണം ചര്‍ച്ചകള്‍ നടക്കാന്‍.

ഇക്കാര്യത്തില്‍ ഖത്തറിന്‍റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും സ്വന്തം ജനങ്ങളോടുള്ള നിയമപരവും ധാര്‍മ്മികപരവുമായ ഉത്തരവാദിത്തം നിറവേറ്റാന്‍ ഖത്തര്‍ ബാധ്യസ്ഥരാണ്. ഇതിനായി എല്ലാ തരത്തിലുള്ള ശ്രമങ്ങളും അന്താരാഷ്ട്രതലത്തിലും മേഖലാ തലത്തിലും നടത്തുന്നുണ്ടെന്നും അമീര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.