1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2020

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലുള്ളവരും ബാക്കിയുള്ളവര്‍ക്ക് സാമൂഹ്യ സമ്പര്‍ക്കത്തിലൂടെയുമാണ് അസുഖം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1104 ആയി. ഇന്ന് രണ്ട് പേര്‍ കൂടി രോഗ മുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം മുപ്പത്തിയഞ്ചായി.

ഇതു വരെ മൂന്ന് മരണം മാത്രമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രണ്ടെണ്ണം മദീനയിലും ഒരാള്‍ മക്കയിലും. മൂന്ന് പേരും വിദേശികളാണ്. രാജ്യത്ത് ആറ് പേര്‍ നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ ഇപ്രകാരമാണ്. റിയാദ് 46, മദീന 19, ഖതീഫ് 10, ജിദ്ദ 7, ദമ്മാം 4, ദഹ്‌റാന്‍ 2, ബുറൈദ 2, ഹൊഫൂഫിലും കോബാറിലും ഒരാള്‍ വീതം.

സൌദി തലസ്ഥാനമായ റിയാദിലാണ് രോഗികളുടെ എണ്ണം വേഗത്തില്‍ കൂടിയത്. ഇവിടെ ചിലര്‍ക്ക് സാമൂഹിക സമ്പര്‍ക്കത്തലൂടെ അസുഖം പടര്‍ന്നതാണ് ഇതിന് കാരണം. ഇന്നത്തെ കണക്കുകള്‍ കൂടി പുറത്ത് വന്നതോടെ റിയാദില്‍ ആകെയുള്ള രോഗികളുടെ എണ്ണം 450 ആയി. കിഴക്കന്‍ പ്രവിശ്യയില്‍ ഇരുന്നൂറ് കവിഞ്ഞു. ജിദ്ദയില്‍ (മക്ക പ്രവിശ്യ) 155 കേസുകളും മക്കയില്‍ 167 പേരുമടക്കം മക്ക പ്രവിശ്യയില്‍ ആകെ രോഗികളുടെ എണ്ണം 320 കവിഞ്ഞു. മദീനയില്‍ ആകെ രോഗികളുടെ എണ്ണം മുപ്പതും പിന്നിട്ടിട്ടുണ്ട്.

കുവൈത്തിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ നാല് കുവൈത്ത് പൗരന്മാർ സൗദി അറേബ്യ, അമേരിക്ക , ഈജിപ്ത് ഫ്രാൻസ്‌ എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരാണ്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഏഴു കുവൈത്ത് സ്വദേശികൾക്കും , സോമാലിയൻ പൗരനും , ഇറാഖ് പൗരനും വൈറസ് ബാധിച്ചത് . രണ്ടു ഇന്ത്യക്കാർ, ഒരു ബംഗ്ളാദേശി എന്നിവർക്കു രോഗം പകർന്നത് എങ്ങിനെയാണെന്ന കാര്യം അധികൃതർ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് .

അതിനിടെ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരിൽ എട്ടു പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ രോഗമുക്തരായാരുടെ എണ്ണം 57 ആയി . നിലവിൽ 168 പേരാണ് ചികിത്സയിലുള്ളത് . പതിനൊന്നു പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 891 പേർ നിരീക്ഷണഘട്ടം പൂർത്തിയാക്കി വീടുകളിലേക്ക് തിരിച്ചു പോയതായും ആരോഗ്യമന്ത്രാലയ വക്താവ് ഡോ . അബ്ദുല്ല അൽ സനദ് അറിയിച്ചു.

പൊതുമാപ്പ്. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും പിഴ കൂടാതെ രാജ്യം വിടാന്‍ അവസരം നൽകുമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രി അനസ് അൽസാലിഹ്‌ ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഏപ്രിൽ ഒന്ന് മുതൽ മുപ്പത് വരെ ആണ് ഇളവ് അനുവദിക്കുക. ഇക്കാലയളവിൽ നിയമലംഘകർക്ക് മറ്റു നടപടിക്രമങ്ങൾ ഒന്നും കൂടാതെ സ്വന്തം നാടുകളിലേക്ക് പോകാൻ സാധിക്കും. നിയമപരമായ മാർഗത്തിൽ വീണ്ടും കുവൈത്തിലേക്ക് തിരിച്ചു വരുന്നതിനും തടസ്സമുണ്ടാകില്ല.

നാട്ടിലേക്ക് മടങ്ങുന്നതിനു ഭരണപരമോ നിയമപരമോ ആയ തടസ്സങ്ങൾ ഉള്ള വിദേശികൾക്ക് താമസകാര്യ വകുപ്പിനെ സമീപിച്ചു തങ്ങളുടെ കേസുകൾ പുനഃപരിശോധനക്കു വിധേയമാക്കാൻ അവസരമുണ്ടാകും. നിശ്ചിത സമയത്തിനുള്ളിൽ ഇളവ് പ്രയോജനപ്പെടുത്താത്ത താമസനിയമലംഘകർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.

ഖത്തറില്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ടെലിഫോണില്‍ സംസാരിച്ചു. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ സ്ഥിതിഗതികളെ കുറിച്ച് മോദി അമീറിനോട് ആരാഞ്ഞു. ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണെന്നും പേടിക്കേണ്ടതില്ലെന്നും അമീര്‍ മോദിക്ക് ഉറപ്പുനല്‍കി. പ്രവാസികളുടെ കാര്യത്തില്‍ ഖത്തര്‍ ഭരണകൂടം കാണിക്കുന്ന കരുതലിന് മോദി അമീറിന് നന്ദിയര്‍പ്പിച്ചു.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 549 കോവിഡ് ബാധിതരില്‍ കൂടുതല്‍ പേരും 20 നും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് ഖത്തർ ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റി വക്താവും വിദേശകാര്യസഹമന്ത്രിയുമായ ലുല്‍വ അല്‍ ഖാതിര്‍ അറിയിച്ചു. ആഗോള തലത്തില്‍ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ വിഭാഗമാണ് ഖത്തറിനുള്ളത്. ഓരോ പതിനായിരം പേര്‍ക്കും 77.4 എന്ന നിലയില്‍ ഡോക്ടര്‍മാര്‍ രാജ്യത്തുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.