1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പരിമിതമായി നടത്തുന്ന ഹജ് കർമത്തിന് പ്രവാസികളിൽ നിന്ന് അപേക്ഷ സ്വീകരിക്കാനുള്ള സമയം അവസാനിച്ചു. സൗദിയിൽ താമസിക്കുന്ന 160 രാജ്യങ്ങളിൽ നിന്നുള്ളവർ അപേക്ഷ നൽകിയതായി അധികൃതർ വ്യക്തമാക്കി. ആകെ അനുവദിച്ച 10,000 തീർഥാടകരിൽ 70 ശതമാനവും രാജ്യത്ത് താമസ രേഖയുള്ളവരും അകത്ത് താമസിക്കുന്നവരുമായ വിദേശികൾക്ക് വേണ്ടി മാറ്റിവച്ചിരുന്നു. ഇവരിൽ നിന്ന് സ്വീകരിച്ച ഇലക്ട്രോണിക് അപേക്ഷകളിലാണ് 160 രാജ്യങ്ങളിൽ നിന്നുള്ളവർ ഉള്ളത്.

ലഭിച്ച അപേക്ഷകളുടെ തരം തിരിക്കൽ പ്രക്രിയ പൂർത്തിയായതായും ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. കടുത്ത ആരോഗ്യ നിർദേശങ്ങളോടെയാണ് ഇപ്രാവശ്യത്തെ ഹജ്. കോവിഡിനെതിരെയുള്ള പഴുതടച്ച പ്രതിരോധ മുൻകരുതൽ നടപടികളും സജ്ജീകരണങ്ങളും കൈക്കൊള്ളുന്നുണ്ട്. സ്വദേശികളിൽ നിന്ന് നേരത്തേ കോവിഡിൽ നിന്ന് മുക്തി നേടിയവരും ആരോഗ്യ-സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്നവരുമായ 30% പേർക്ക് മാത്രമേ അനുമതി നൽകിയിട്ടുള്ളൂ.

അവസരം ലഭിക്കുന്ന ഓരോ തീർഥാടകനും ഹജ് യാത്രയുടെ നടത്തിപ്പും കൈകാര്യം സംബന്ധിച്ച മുഴുവൻ വിശദാംശങ്ങളും അടങ്ങിയ ഒരു സ്മാർട്ട് കാർഡ് നൽകും. കൂടാതെ പ്രാർഥനക്കുള്ള വിരി, സാനിറ്റൈസർ, മാസ്ക്, മറ്റ് അവശ്യ പ്രതിരോധ സാമഗ്രികൾ എന്നിവ അടങ്ങിയ ഒരു ബാഗും തീർഥാടകർക്ക് നൽകും. തീർഥാടനത്തിന്റെ ഓരോ ഘട്ടത്തിലും സംസം പായ്ക്കറ്റുകളും സുരക്ഷിതമായി വിതരണം ചെയ്യും. മത്വാഫിലും (കഅബക്ക് ചുറ്റുമുള്ള പ്രദക്ഷിണ ഇടം), മസ്അയിലും (സഫാ-മർവാ കുന്നുകൾക്കിടയിലെ സഅയ് ചെയ്യുന്ന സ്ഥലം) പ്രത്യേക അണുവിമുക്ത ട്രാക്കുകളാണ് സംവിധാനിക്കുക.

മിന, മുസ്ദലിഫ, അറഫാത്ത് തുടങ്ങി കർമങ്ങൾക്കിടയിൽ തങ്ങേണ്ടയിടങ്ങളിൽ ഓരോ തീർഥാടകനും പ്രത്യേകം താമസ സൗകര്യങ്ങൾ സജ്ജീകരിക്കും. ഇവ ഓരോന്നും ഒൻപത് മീറ്ററിൽ കുറയാത്ത അകലമുണ്ടായിരിക്കുമെന്നും അധികൃതർ പറഞ്ഞു. നിർണായകമായ ഇപ്രാവശ്യത്തെ ഹജ് കർമത്തിനായി ആരോഗ്യത്തിനും സുരക്ഷക്കും മുൻതൂക്കം നൽകി കണിശമായ സജ്ജീകരണങ്ങളും നടപടിക്രമങ്ങളുമാണ് രാജ്യം സ്വീകരിക്കുന്നത്.

ഹജ് അനുമതി പത്രമില്ലാതെ (തസ്‌രീഹ്) പുണ്യസ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ 10,000 റിയാല്‍ പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുറ്റം ആവര്‍ത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. കൊവിഡ് ജാഗ്രതയിൽ നടക്കുന്ന ഹജ് ആയതിനാൽ സ്വദേശികളും വിദേശികളും സുരക്ഷാ മാർഗനിര്‍ദേശങ്ങൾ കർശനമായി പാലിക്കമെന്നും സർക്കാർ അഭ്യർഥിച്ചു. 20നും 50നും ഇടയിൽ പ്രായമുള്ള കാര്യമായ രോഗങ്ങളില്ലാത്ത വിവിധ രാജ്യക്കാരായ 10,000 പേരാണ് ഇത്തവണത്തെ ഹജ് നിർവഹിക്കുക.

വ്യക്തികളുടെ സമസ്ത വിവരങ്ങളും അടങ്ങുന്ന സ്മാർട് കാർഡ് തീർഥാടകർക്ക് നൽകും. മുസല്ല (വിരിപ്പ്), സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് തുടങ്ങി സുരക്ഷാവസ്തുക്കൾ അടങ്ങിയ ബാഗും ഓരോരുത്തർക്കും വിതരണം ചെയ്യും. ഓരോ സ്ഥലത്തും സംസം വെള്ളവും ലഭ്യമാക്കും. കഅ്ബയ്ക്കു ചുറ്റുമുള്ള പ്രദക്ഷിണത്തിലും സഫ, മർവ മലകൾക്കിടയിലുള്ള പ്രയാണത്തിലും തീർഥാടകർ തമ്മിൽ 2 മീറ്റർ അകലം പാലിക്കണം.

കൊവിഡ് ജാഗ്രതയുടെ ഭാഗമായി മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ ഓരോ തീർഥാടകനും പ്രത്യേക താമസ സ്ഥലം ഒരുക്കും. 9 മീറ്ററിൽ കുറയാത്ത സ്ഥലമാണ് തീർഥാടകർക്ക് അനുവദിക്കുക. മക്കയിലേക്കുള്ള റോഡുകളും നടപ്പാതകളുമെല്ലാം നിരീക്ഷണ വലയത്തിലായിരിക്കും. പരിശോധനയ്ക്കായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല