1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2020

സ്വന്തം ലേഖകൻ: രാജ്യാന്തര സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ സൌദിയിൽ കുടുങ്ങിയ വിദേശികളുടെ തിരിച്ചുപോക്ക് വർധിച്ചു. വീസ കാലാവധി കഴിഞ്ഞും മറ്റും സൌദിയിൽ തങ്ങുന്നവർക്കും നിയമവിധേയമായി തിരിച്ചുപോകാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൌദിയിലേക്കു വരുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇവർക്ക് കൊവിഡ് മാനദണ്ഡമനുസരിച്ച് 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

3 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. സൌദിയിൽനിന്നു ഇന്ത്യ ഉൾപ്പെടെ ചില വിദേശ രാജ്യങ്ങളിലേക്ക് പ്രത്യേക സർവീസ് നിലവിലുണ്ട്. ഇതനുസരിച്ച് വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ സൌദിയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു വരുന്നു. കെഎംസിസി ഉൾപ്പെടെ ചില സംഘടനകളും ചാർട്ടേഡ് വിമാനത്തിൽ ജനങ്ങളെ നാട്ടിൽ എത്തിച്ചിരുന്നു. ഇതേസമയം ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ തുടങ്ങി പ്രത്യേക വിഭാഗത്തിൽ പെട്ടവരെ സൌദിയിൽ എത്തിക്കാൻ കൊച്ചിയിൽനിന്നും മറ്റു ചില വിദേശ രാജ്യങ്ങളിൽനിന്നും പ്രത്യേക ചാർട്ടേഡ് വിമാന സർവീസ് നടത്തിയിരുന്നു.

വരും ദിവസങ്ങളിലും ഇത്തരം ചാർട്ടേഡ് വിമാനങ്ങൾ സൌദിയിലേക്കു പുറപ്പെടും. ഈ വിമാനങ്ങളിൽ സാധാരണ ജോലിക്കാരെ സൌദിയിൽ എത്തിക്കാൻ സാധിക്കുമോ എന്നു വ്യക്തമല്ല. ജിസിസി രാജ്യങ്ങളിലേക്കാണ് സാധാരണ വിമാന സർവീസ് ആരംഭിച്ചതെന്നും മറ്റു രാജ്യങ്ങളിലേക്ക് 2021 ജനുവരിയിലെ പുനരാരംഭിക്കൂ എന്നും കഴിഞ്ഞ ദിവസം സൌദി പ്രഖ്യാപിച്ചിരുന്നു. കാലാവധിയുള്ള റീഎൻട്രി വീസ, സന്ദർശക വീസ, തൊഴിൽ വീസ എന്നിവയുള്ളവരെ സൌദിയിലേക്കു സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഏതൊക്കെ രാജ്യക്കാർക്കാണ് ഈ ആനുകൂല്യമെന്നു വ്യക്തമാക്കിയിട്ടില്ല.

മാത്രവുമല്ല കൊവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്കുള്ള സേവനം സംബന്ധിച്ച് മന്ത്രിതല സമിതി അതതു സമയത്ത് യോഗം ചേർന്ന് തീരുമാനിക്കും എന്നും വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 15നാണ് രാജ്യാന്തര വിമാന സർവീസ് സൌദി നിർത്തിവച്ചത്. മേയിൽ ആഭ്യന്തര സർവീസ് പുനരാരംഭിച്ചെങ്കിലും രാജ്യാന്തര സർവീസ് ആരംഭിച്ചത് ചൊവ്വാഴ്ചയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.