1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2020

സ്വന്തം ലേഖകൻ: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. തര്‍ക്ക പരിഹാരത്തിനായി ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍ നിലപാട് എടുത്തതോടൊണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.

നഷ്ടപരിഹാരം നല്‍കി ഒത്ത് തീര്‍പ്പിനില്ലെന്ന് അമ്മ നിലപാട് എടുക്കുകയായിരുന്നു. നേരത്തെ ഏഴ് കോടി രുപയായിരുന്നു നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട് കാരണം ഷെയിന് സിനിമയില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഇനിയും ഇത്തരത്തില്‍ വിലക്ക് നീട്ടിക്കൊണ്ട് പോവുന്നത് ശരിയല്ലെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

നഷ്ടപരിഹാരം നല്‍കി പ്രശ്‌നം തീര്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ഇടവേളബാബു പറഞ്ഞു. നേരത്തെ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ചര്‍ച്ചയുള്ളുവെന്ന് നിര്‍മ്മാതാക്കള്‍ നിലപാട് എടുത്തിരുന്നു. തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കുകയും ചെയ്തു. അമ്മയുടെ നിര്‍ദ്ദേശപ്രകാരം ഒരാഴ്ച കൊണ്ടാണ് ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.

ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതോടെ നിര്‍മ്മാതാക്കളുമായുള്ള സമവായത്തിന് സാഹചര്യമൊരുങ്ങുകയായിരുന്നു. വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ അമ്മ യോഗത്തില്‍ അറിയിച്ചിരുന്നു. ഒപ്പം നിർമ്മാതാക്കളെ മനോരാഗികള്‍ എന്നു വിളിച്ചതില്‍ താരം മാപ്പു പറയുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.