1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2020

സ്വന്തം ലേഖകൻ: ഷാർജയിലെ സ്കൂളുകളിൽ രണ്ടാഴ്ചകൂടി വിദൂരപഠനംതന്നെ തുടരാൻ ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ.) ഉത്തരവിട്ടു. കൊവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ നടപടികൾക്ക് പിന്തുണയറിയിച്ചാണ് എല്ലാവിഭാഗം വിദ്യാർഥികൾക്കും രണ്ടാഴ്ചത്തേക്കുകൂടി വിദൂരപഠനംതന്നെ മതിയെന്ന ഉത്തരവിറക്കിയത്.

ഓഗസ്റ്റ്‌ 30-ന് യു.എ.ഇ.യിൽ ഭാഗികമായി വിദ്യാലയങ്ങൾ തുറന്നെങ്കിലും ഷാർജയിൽ വിദൂരപഠനം തുടരുകയായിരുന്നു. അതാണ് രണ്ടാഴ്ചത്തേക്കുകൂടി നീട്ടണമെന്ന് എസ്.പി.ഇ.എ. സ്കൂളധികൃതരോട് ആവശ്യപ്പെട്ടത്. സർക്കാർ ദുരന്തനിവാരണ സമിതിയുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് തീരുമാനം. സെപ്‌റ്റംബർ 13 മുതൽ 24 വരെ നിലവിലെ സാഹചര്യം തുടരും.

ഷാർജയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ അക്കാദമിക്ക് പഠനങ്ങളും വിദൂരപഠനത്തിന് കീഴിലായിരിക്കും. യു.എ.ഇ.യിലെ മറ്റ് എമിറേറ്റുകളിൽ വിദൂരപഠനംകൂടാതെ സാധാരണ ക്ലാസുകളിലെ പഠനവും നിലവിലുണ്ട്. ഷാർജയിലെ സ്വകാര്യ സ്കൂൾ അധികൃതർ രക്ഷിതാക്കളിൽനിന്ന് കുട്ടികൾക്ക് ഏതുരീതിയിലുള്ള പഠനമാണ് ആവശ്യമെന്ന് അഭിപ്രായം ശേഖരിച്ചിരുന്നു. വളരെക്കുറച്ച് രക്ഷിതാക്കൾ മാത്രമാണ് സ്കൂളിലെത്തിയുള്ള മുഖാമുഖപഠനം തിരഞ്ഞെടുത്തത്. ഭൂരിഭാഗം രക്ഷിതാക്കൾക്കും ഈ വർഷം മുഴുവൻ വിദൂരപഠനം മതിയെന്നായിരുന്നു അഭിപ്രായം.

കുട്ടികളുടെ ആരോഗ്യസുരക്ഷയാണ് പരമപ്രധാനമെന്ന് രക്ഷിതാക്കൾ പറഞ്ഞു. സ്കൂളുകളിൽ കൊവിഡ് വ്യാപനംതടയാൻ ബുദ്ധിമുട്ടായിരിക്കും സാമൂഹികഅകലം കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് അധ്യാപകരും പറയുന്നു. മുഖാവരണം അടക്കമുള്ള മുൻകരുതലുകളും ചെറിയ കുട്ടികൾ പാലിക്കണമെന്നില്ലയെന്നതും ഗൗരവമേറിയതാണ്. എസ്.പി.ഇ.എ. ഇത്തരം കാര്യങ്ങൾകൂടി പരിശോധിച്ചാണ് തീരുമാനമെടുത്തത്.

വിദൂരപഠനം നടക്കുമ്പോൾ മുഖാമുഖം ക്ലാസെടുക്കുന്ന സംതൃപ്തി ലഭിക്കുന്നില്ലെന്ന് വലിയൊരു വിഭാഗം അധ്യാപകർ പറയുന്നു. ക്ലാസിൽ മുഴുവൻകുട്ടികളെയും ഒരേസമയം ശ്രദ്ധിക്കാൻ സാധിക്കുന്നില്ല. ചില കുട്ടികൾ വീഡിയോ ഓഫ് ചെയ്ത്‌ കളികളിൽ ഏർപ്പെടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വീട്ടിലെ ഇന്റർനെറ്റ് സൗകര്യം തകരാർ സംഭവിച്ചുവെന്ന് കള്ളംപറഞ്ഞ് രക്ഷപ്പെടുന്നവരുമുണ്ട്. രക്ഷിതാക്കൾ രണ്ടുപേരും ജോലിക്കുപോകുന്നവരാണെങ്കിൽ കുട്ടികൾ ക്ലാസിൽ ശ്രദ്ധിക്കുന്നേയില്ല എന്നാണ് ഷാർജ ഇന്ത്യൻ സ്കൂളിലെ അധ്യാപികമാരുടെ പരാതി. വിദൂരപഠനം നടക്കുമ്പോൾ ഇടയ്ക്കിടെ ‘വെള്ളം കുടിക്കാൻ പോകുന്നവരും ബാത്ത്റൂമിൽ പോകുന്നവരും’ കൂടി വരികയാണെന്നും അവർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.