1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2020

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കർശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴും രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് യുഎഇയില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. വ്യവസായ മേഖലയിലും, ലേബർക്യാമ്പ് പരിസരങ്ങളിലും ഇന്ന് മുതല്‍ 12 മണിക്കൂർ നിയന്ത്രണം നിലവിൽ വരും. വൈകീട് ആറ് മുതൽ രാവിലെ ആറ് വരെ ഈ മേഖലയിലുള്ളവർ പുറത്തിറങ്ങാന്‍ പാടില്ല.

അതേസമയം നിലവിലെ പ്രതിസന്ധി രാജ്യം നിശ്ചയദാർഢ്യത്തോടെ മറികടക്കുമെന്നാണ് അബുദാബി കിരീടാവകാശിയും യുഎഇ. സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

മലയാളിയായ ആരോഗ്യ പ്രവര്‍ത്തകനോട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കോവിഡ് പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞതും നന്ദിയറിച്ചതും ശ്രദ്ധേയമായി. യുഎഇയിലെ കോവിഡ് അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന മീനടം സ്വദേശി അരുൺ ഈപ്പനോടാണ് ശൈഖ് മുഹമ്മദ് വീഡിയോ കോളിലൂടെ കാര്യങ്ങള്‍ തിരക്കിയത്.

സ്വദേശികളും വിദേശികളും സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാല്‍ മാത്രമെ വൈറസ് ബാധ തടയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ ഫീൽഡ് ആശുപത്രിയും അദ്ദേഹം സന്ദർശിച്ചു. രാജ്യത്തെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ശൈഖ് മുഹമ്മദ് അരുണ്‍ ഈപ്പനുമായി സംസാരിക്കുന്നതിന്‍റെ വീഡിയോയുടെ പൂര്‍ണ്ണ രൂപം രാജ്യത്തെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. ശൈഖ് മുഹമ്മദിനോടൊപ്പം ശൈഖ് തയിബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ്‌ സലാമ ബിൻത് മുഹമ്മദ് ബിൻ ഹമദ് അൽ നഹ്യാൻ എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു.

അരുണ്‍ ഈപ്പന്‍റെ പേര് എടുത്ത് വിളിച്ച് അഭിസംബോധന ചെയ്താണ് ശൈഖ് മുഹമ്മദ് കോവിഡ് പ്രതിരോധത്തിന്‍റെ പ്രവര്‍ത്തനങ്ങളും അന്വേഷിച്ചത്. ഞങ്ങള്‍ക്കൊപ്പം അരുണ്‍ ഉണ്ട് എന്ന് പറഞ്ഞായിരുന്നു ശൈഖ് മുഹമ്മദ് വീഡിയോ കോണ്‍ഫറന്‍സ് തുടങ്ങിയത്. ജോലിയെ കുറിച്ചും വീട്ടുകാരെക്കുറിച്ചും അദ്ദേഹം അരുണിനോട് അന്വേഷിച്ചു.

ദൈവത്തിന്‍റെ അനുഗ്രഹം ഉള്ളതിനാല്‍ ജോലി നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുവെന്നും വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് അവരുടെ ആശങ്ക അകറ്റാന്‍ സാധിക്കുന്നുവെന്നും അരുണ്‍ മറുപടി നല്‍കി. തന്‍റെ രണ്ടാമത്തെ വീടാണ് യുഎഇ. ഈ പ്രതിസന്ധി ഘട്ടത്തില്‍ തന്‍റെ അനുഭവ സമ്പത്ത് രാജ്യത്തിന്‍റെ ആരോഗ്യ മേഖലയില്‍ പ്രയോജനപ്പെടുത്താന്‍ അനുവാദം തന്നതിന് നന്ദി അറിയിക്കുന്നുവെന്നും അരുണ്‍ പറഞ്ഞു.

അരുണിനും കുടുംബാംഗങ്ങള്‍ക്കും എല്ലാ വിധ ആശംസകളും നേരുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ രണ്ടാമത്തെ വീട്ടില്‍ തന്നെയാണ് നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ മേഖലകളിൽ കോവിഡ‍് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായും ശൈഖ് മുഹമ്മദ് സംസാരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.