1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2020

സ്വന്തം ലേഖകൻ: ജര്‍മ്മനിയിലെ ഹനാവു നഗരത്തിലെ രണ്ട് ബാറുകളിലുണ്ടായ വെടിവെയ്പ്പില്‍ എട്ട് മരണം. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രത്രി പത്ത് മണിയോടെയാണ് ഹനാവുവിലെ ബാറില്‍ ആദ്യം വെടിവെയ്പ്പ് നടന്നത്. ഇവിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ മറ്റൊരു ബാറിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേരും കൊല്ലപ്പെട്ടു.

സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കപ്പെടുന്നയാളും വീടിനുള്ളില്‍ മരിച്ച നിലയില്‍. 43 കാരനായ ജര്‍മന്‍ പൗരന്റെയും ഇദ്ദേഹത്തിന്റെ അമ്മയുടെയും മൃതദേഹമാണ് അവരുടെ വീടിനുള്ളില്‍ വെച്ച് കണ്ടെത്തിയത്. ആക്രമിയുടെ തീവ്രവലതു പക്ഷ ചിന്തകളാണ് വെടിവെപ്പിലേക്ക് നയിച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ആക്രമിയുടെ ലക്ഷ്യം വ്യക്തമാക്കുന്ന ഒരു കത്തും വീഡിയോയും ലഭിച്ചതായി ജര്‍മനിയിലെ ഡി.ഡബ്ല്യു ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശികളോടുള്ള വിദ്വേഷമാണ് ഇയാളെ ആക്രമത്തിനു പ്രേരിപ്പിച്ചതെന്നാണ് ജര്‍മന്‍ ആഭ്യന്തര സഹമന്ത്രിയും മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. കുര്‍ദു വംശജര്‍ ഭൂരിപക്ഷമുള്ള മേഖലയിലാണ് വെടിവെപ്പു നടന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദേശീയരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

കൊല്ലപ്പെട്ടവരില്‍ തുര്‍ക്കിയില്‍ വേരുകളുള്ളവരുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് പ്രതിനിധി ഇബ്രാഹിം കാലിന്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കൃത്യമായ അനേഷണം ജര്‍മ്മനി നടത്തുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഇബ്രാഹിം കാലിന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ പേരു വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ജര്‍മനിയിലെ പ്രധാന ഒത്തുകൂടല്‍ കേന്ദ്രങ്ങളാണ് ഹുക്കാ ബാറുകള്‍. സായാഹ്നങ്ങളും രാത്രികളും ചിലവഴിക്കാന്‍ നിരവധി പേരാണ് ഇത്തരം ബാറുകളില്‍ ദിവസവും എത്തിച്ചേരാറുള്ളത്. ഇത്തരം ബാറുകളെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തെ തുടര്‍ന്ന് ഹനാവു നഗരത്തിലാകെ കനത്ത സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.