1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2019

സ്വന്തം ലേഖകൻ: സൗദിയില്‍ വേര്‍പ്പെടുത്തപ്പെട്ട ലിബിയന്‍ സയാമീസ് ഇരട്ടകളുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടേയും നിര്‍ദേശപ്രകാരമാണ് ലിബിയന്‍ സയാമീസ് ഇരട്ടകളായ മുഹമ്മദും അഹമ്മദും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെത്തിയത്.

കഴിഞ്ഞ ജൂണ്‍ 24 നായിരുന്നു ലിബിയയിലെ ട്രിപോളിയില്‍ ഇവരുടെ ജനനം. നെഞ്ചിന്റെ അടിഭാഗവും വയറും ഇടുപ്പും ചില ആന്തരികാവയവങ്ങളും കൂടിച്ചേര്‍ന്ന നിലയിലായിരുന്നു ജനിച്ചത്. രണ്ട് കുട്ടികള്‍ക്കുമായി ഓരോ കാലുകള്‍ വീതമുണ്ട്. മൂന്നാമതൊരു കാല്‍ ഉണ്ടെങ്കിലും, അത് രണ്ട് കുട്ടികളും പങ്കുവെക്കുന്ന വിധത്തിലായിരുന്നു. അതാകട്ടെ വൈകല്യമുള്ളതുമാണ്. കുട്ടികള്‍ക്ക് ജന്മനാ മലദ്വാരം ഉണ്ടായിരുന്നില്ല.

പിന്നീട് ലിബിയയിലെ മെഡിക്കല്‍ സംഘം ശസ്ത്രക്രിയയിലൂടെ താല്‍ക്കാലിക മലദ്വാരം സജ്ജീകരിച്ചു. 35 ഡോക്ടര്‍മാരടങ്ങുന്ന സംഘം 11 ഘട്ടങ്ങളിലായി 15 മണിക്കൂര്‍ നീണ്ട് നിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് അഹമ്മദിനേയും മുഹമ്മദിനേയും വേര്‍പ്പെടുത്തിയത്.

അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്ത്വം നല്‍കിയ ലോക പ്രശസ്ത സര്‍ജനും കെ.എസ് റിലീഫ് സൂപ്പർവൈസറുമായ ഡോ.അബ്ദുല്ല അല്‍ റബീഅ പറഞ്ഞു. അഹമ്മദ് എന്ന കുട്ടിയുടെ ബോധം തെളിഞ്ഞു. കൃത്രിമ ശ്വാസ ഉപകരണങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കുട്ടികളെ മുലയൂട്ടാന്‍ ആരംഭിക്കും. മുഹമ്മദ് എന്ന കുട്ടിയുടെ അവസ്ഥയും തൃപ്തികരമാണെന്ന് ഡോക്ടര്‍ പറഞ്ഞു.

സയാമീസുകളെ സൗദിയിലെത്തിച്ച് സര്‍ക്കാര്‍ ചെലവില്‍ വേര്‍പ്പെടുത്തുന്നത് ജീവകാരുണ്യ പ്രവര്‍ത്തനമായാണ് രാജ്യം കാണുന്നത്. 18 വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി വഴി ഇത് വരെ മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള 48 ഇരട്ടകളെ സൗദിയില്‍ വേര്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.