1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2020

സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു റോഡരികിലിരുന്ന് ഫോണ്‍വിളിച്ചു കൊണ്ട് വിതുമ്പിക്കരയുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ ചിത്രം. ഏറെ ചര്‍ച്ചയായ ഈ ഫോട്ടോയുടെ പിന്നിലുള്ള കഥയെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഈ ചിത്രം പകര്‍ത്തിയ പി.ടി.ഐ ഫോട്ടോ ഗ്രാഫര്‍ അതുല്‍ യാദവ്.

ദല്‍ഹിയിലെ നിസാമുദ്ദീന്‍ പാലത്തിലിരുന്ന് ഫോണില്‍ സംസാരിച്ചു കൊണ്ട് വിതുമ്പുന്ന ഒരാളെയാണ് അതുല്‍ യാദവ് കണ്ടത്.

“കഴിഞ്ഞ ആഴ്ചകളിലായി ഒരുപാട് കുടിയേറ്റ തൊഴിലാളുടെ ഫോട്ടോ എടുത്തിട്ടുണ്ട്. ഒരാള്‍ മറ്റൊരാളേക്കാള്‍ നിസ്സഹായനായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ മുതിര്‍ന്നൊരാള്‍ ഇരുന്ന് കരയുന്നത് എന്നെ ആശ്ചര്യപ്പെടുത്തുമെന്ന് ഞാന്‍ കരുതിയില്ല, പക്ഷെ ഞാന്‍ ആശ്ചര്യപ്പെട്ടു. അയാളുടെ നഗ്നമായ സങ്കടം എന്നെ നടുക്കി. ഒരു ഫോട്ടോ മാത്രമെടുത്ത് പോവാന്‍ എനിക്ക് തോന്നിയില്ല, എന്താണയാളുടെ പ്രശ്‌നം എന്ന് എനിക്കറിയണമായിരുന്നു,” അതുല്‍ യാദവ് തുടര്‍ന്നു.

“അയാളുടെ മകന് സുഖമില്ലായിരുന്നു, മരണത്തിനു സാധ്യതയുണ്ട്. അദ്ദേഹത്തിന് വീട്ടിലേക്ക് പോവണമായിരുന്നു. എവിടെയാണെന്ന് ഞാന്‍ ചോദിച്ചു, 40 വയസ്സോളമുള്ള ആ മനുഷ്യന്‍ മൈലുകള്‍ക്ക് അപ്പുറത്തുള്ള ദല്‍ഹി അതിര്‍ത്തിയിലേക്കാണ് വിരല്‍ ചൂണ്ടിയത്. പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ വീട് ബീഹാറിലെ ബംഗുസരൈയിലാണെന്ന്. ഏകദേശം 1200 കിലോ മീറ്റര്‍ അകലെ.

നജഫ്ഗറില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ലോക്ഡൗണ്‍ കാരണം നാട്ടിലേക്ക് കാല്‍ നടയായി പോവുകയായിരുന്നു. എന്നാല്‍ നിസാമുദീന്‍ പാലത്തില്‍ വെച്ച് പൊലീസ് ഇയാളെ തടയുകയായിരുന്നു. മൂന്ന് ദിവസം ആ പാലത്തില്‍ വേദനയോടെ ആ മനുഷ്യന്‍ കുടുങ്ങിക്കിടന്നു.

ഞാനദ്ദേഹത്തിന് കുറച്ച് ബിസ്‌കറ്റും വെള്ളവും കൊടുക്കുകയും സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു,” എന്നാല്‍ തന്റെ മകനെ കാണാന്‍ ഇനി കഴിയില്ലെന്ന് ഭയപ്പെടുന്ന ഒരു അഛന് എങ്ങനെയാണ് ആശ്വാസം ലഭിക്കുക, അതുല്‍ യാദവ് ചോദിക്കുന്നു.

ഇദ്ദേഹത്തെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും ആദ്യ ഘട്ടത്തില്‍ ആലസ്യം കാണിച്ച പൊലീസ് മാധ്യമപ്രവര്‍ത്തകന്‍ മുഖേന സംസാരിച്ച ശേഷം ഇതിന് ഉറപ്പു നല്‍കിയെന്നാണ് അതുൽ പറയുന്നത്.

“ഞാന്‍ പെട്ടന്ന് തന്നെ വീട്ടിലെത്തി ഞാനദ്ദേഹത്തിന്റെ പേരോ ഫോണ്‍ നമ്പറോ ചോദിച്ചിരുന്നില്ലെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. അദ്ദേഹം വീട്ടിലെത്തിയോ മകനെ കണ്ടോ എന്ന് എനിക്കറിയണമായിരുന്നു. ഞാനധികം കാത്തു നിന്നില്ല. തിങ്കളാഴ്ച 5.15 നായിരുന്നു അത്. ഞാനെടുത്ത ഫോട്ടോ പി.ഐ.ടി പുറത്തു വിട്ടു. എല്ലാാ മാധ്യമങ്ങളിലും ഇത് വ്യാപകമായി പ്രചരിച്ചു. വളരെയധികം ആളുകളില്‍ ആ പിതാവിന്റെ സങ്കടം വേദനയുണ്ടാക്കി.

ഒരു പാട് മാധ്യമങ്ങള്‍ ആ ഫോട്ടോയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചെയ്തു. അങ്ങനെയാണ് പിന്നീട് ഞാന്‍ അറിഞ്ഞത് അദ്ദേഹത്തിന്റെ പേര് രാംകുമാര്‍ പണ്ഡിറ്റ് എന്നാണെന്നും അദ്ദേഹത്തിന്റെ മകന്റെ ജീവന്‍ നഷ്ടപ്പെട്ടെന്നും, അതെന്റെ ഹൃദയം തകര്‍ത്തു,” അതുല്‍ യാദവ് പറഞ്ഞു. ഔട്ട് ലുക്ക് ഇന്ത്യയോടാണ് പി.ടി.ഐ ഫോട്ടോഗ്രാഫറുടെ പ്രതികരണം.

രാം കുമാര്‍ പണ്ഡിറ്റിന്റെ വാര്‍ത്ത ചര്‍ച്ചയായ ശേഷം റിലീഫ് ക്യാമ്പില്‍ നിന്നും ബുധനാഴ്ചയാണ് ഈ കുടിയേറ്റ തൊഴിലാളി വൈകീട്ട് 6.30 ന് ബീഹാറിലേക്ക് പ്രത്യേക ട്രെയിനില്‍ യാത്ര തിരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.