1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2020

സ്വന്തം ലേഖകൻ: 62-ാം ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ലോകത്തെ മികച്ച കലാകാരന്‍മാരെല്ലാം അണി നിരന്നു. അതിനൊപ്പം തന്നെ ഓസ്‌കാറിന്റെ റെഡ്കാര്‍പ്പറ്റും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. റെഡ്കാര്‍പ്പറ്റ് വേദിയില്‍ സെലിബ്രെറ്റികളെല്ലാം പലതരത്തിലുള്ള ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍ നടത്തിയപ്പോള്‍ സിറിയന്‍ ഫിലിംമേക്കറായ വാദ് അല്‍ കത്തീബ് മാത്രം വേറിട്ടു നിന്നു.

വെള്ളിനിറത്തിലുള്ള സില്‍ക്ക് ഗൗണായിരുന്നു അവര്‍ ധരിച്ചത്. ആ ഗൗണില്‍ എഴുതിയത് ഇങ്ങനെയായിരുന്നു, “ഞങ്ങള്‍ സ്വപ്‌നം കാണാന്‍ ധൈര്യപ്പെടുന്നു. ഒപ്പം ഞങ്ങള്‍ക്ക് ലഭിക്കേണ്ട മാന്യത ചോദിക്കുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നില്ല.” ഒരു അറബിക് കവിതയിലെ വരികളായിരുന്നു ഇത്.

കത്തീബിന്റെ ഫീച്ചര്‍ ഡോക്യുമെന്ററിയായ ഫോര്‍ സമ ഓസ്‌കാര്‍ നോമിനേഷന്‍ ചെയ്യപ്പെട്ടിരുന്നു. തന്റെ ഡോക്യുമെന്ററിയില്‍ കത്തീബ് പറഞ്ഞ അതേ കാര്യമാണ് തന്റെ വസ്ത്രത്തിലും അവര്‍ ആലേഖനം ചെയ്തത്.

ഫോര്‍ സമ എന്ന ഡോക്യുമെന്ററി യഥാര്‍ത്ഥത്തില്‍ കത്തീബിന്റെ തന്നെ ജീവിത കഥയാണ്. സിറിയന്‍ ആഭ്യന്തര യുദ്ധ സംഭവങ്ങളും ഖത്തേബിന്റെ തന്നെ ജീവിതവും ഇട കലര്‍ത്തിയുള്ള വീഡിയോകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഡോക്യുമെന്ററിയാണ് ഫോര്‍ സമ.

2011 ല്‍ സിറിയയില്‍ യുദ്ധം തുടങ്ങുന്ന സമയത്ത് സമ അലപ്പോ സര്‍വ്വ കലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഈ സമയത്ത് കത്തീബും സുഹൃത്തുക്കളും കൂടിയാണ് സിറിയയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ക്യാമറയില്‍ ചിത്രീകരിക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെ കത്തീബ് തന്റെ ഫോണ്‍ ക്യാമറയില്‍ സിറിയന്‍ പ്രക്ഷോഭങ്ങള്‍ ചിത്രീകരിച്ചു തുടങ്ങി.

തുടക്കത്തില്‍ ഒരു സാധാരണ വിപ്ലവം എന്നു കരുതിയ സിറിയയിലെ പ്രതിഷേധങ്ങള്‍ പതിയെ വഴിമാറുന്നത് കത്തീബിന് കാണാനായി. പ്രക്ഷോഭങ്ങള്‍ക്കെതിരെയുള്ള വെടിവെപ്പുകളും ബോംബാക്രമണങ്ങള്‍ക്കുമാണ് കത്തീബിന്റെ ഫോണ്‍ ക്യമാറ പിന്നീട് സാക്ഷിയായത്.

ദിനംപ്രതി സിറിയയിലെ രക്തക്കുരുതി ഗുരുതരമാവുന്നതു കണ്ട ഖത്തേബ് കൂടുതല്‍ ആഴത്തില്‍ ഇവ ചിത്രീകരിക്കാന്‍ തീരുമാനിച്ചു. സിറിയയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന കത്തീബ് അങ്ങനെ അലപ്പോയിലെ ആശുപത്രിയില്‍ താമസിക്കാന്‍ തുടങ്ങി. ആശുപത്രിയില്‍ കാണുന്ന അപകട ദൃശ്യങ്ങളും അവര്‍ ചിത്രീകരിച്ചു. തുടക്കത്തില്‍ ആശുപത്രിക്കാര്‍ കത്തീബിന്റെ പ്രവൃത്തിയെ കാര്യമായെടുത്തില്ലെങ്കിലും പ്രിയപ്പെട്ടവരില്‍ പലരും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ അവരും കത്തീബിനൊപ്പം നിന്നു.

ഇതിനിടയില്‍ കത്തീബും അലപ്പോയിലെ ഹംസ എന്ന യുവാവും തമ്മില്‍ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ നാട്ടില്‍ ഇത്രയും ഭീകരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ തല്‍ക്കാലം വേണ്ട എന്നവര്‍ തീരുമാനിച്ചു. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ തന്നെ സിറിയയിലെ മുന്നോട്ടുള്ള ജീവിതം ഇങ്ങനെ തന്നെയായിരിക്കും എന്നവര്‍ക്ക് മനസ്സിലായി. തുടര്‍ന്ന് കുടുംബ ജീവിതത്തിലേക്ക് കടക്കുന്ന ഖത്തേബിനും ഹംസയ്ക്കും ഒരു പെണ്‍കുട്ടി ജനിച്ചു.

ആകാശം എന്നര്‍ത്ഥം വരുന്ന സമ എന്ന പേരാണ് കത്തീബ് കുഞ്ഞിന് നല്‍കിയത്. അതിനു കാരണമായി അവര്‍ പറഞ്ഞത് ആകാശം മാത്രമാണ് സിറിയന്‍ ജനതയ്ക്ക് പ്രതീക്ഷയോടെ നോക്കാനാവുന്നത് എന്നാണ്.

വീടിനു പുറത്ത് ബോംബുകള്‍ പൊട്ടുന്നത്തിന്റെ ശബ്ദം കേട്ട് കരയുന്ന സമയെയും വെടിവെപ്പില്‍ തകര്‍ന്നു തരിപ്പണമായ കെട്ടിടാവശിഷ്ടങ്ങളെ കൗതുകത്തോടെ നോക്കുന്ന സമയെയുമെല്ലാം കത്തീബ് വീഡിയോയില്‍ പകര്‍ത്തി. അലപ്പോയില്‍ നിന്നും സമയെയും കൊണ്ട് ഹംസയും കത്തീബും രക്ഷപ്പെടുന്നതുവരെ ദൃശ്യങ്ങളിലുണ്ടായിരുന്നു.

താന്‍ ചിത്രീകരിച്ച ഈ ദൃശ്യങ്ങള്‍ എവിടെയെങ്കിലും പ്രദര്‍ശിപ്പിക്കണമെന്ന് കത്തീബ് തീരുമാനിച്ചു. അങ്ങനെയാണ് ഈ ദൃശ്യങ്ങളുമായി എഡ്വാര്‍ഡ് എന്ന സംവിധായകനെ കത്തീബ് സമീപിക്കുന്നത്. എഡ്വാര്‍ഡ് ആണ് ദൃശ്യങ്ങളില്‍ മുഴുവന്‍ സമയ്ക്കുള്ള പ്രാധാന്യം ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് സമയിലൂടെ കഥ പറയുന്ന ഡോക്യുമെന്ററിയായി ഫോര്‍ സമ ക്രോഡീകരിക്കപ്പെടുന്നത്.

ഓസ്‌കാറിനു പുറമെ നിരവധി അന്താരാഷ്ട്ര വേദികളില്‍ ഫോര്‍ സമ’പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ ബാഫ്ത ചലച്ചിത്ര മേളയില്‍ ഫോര്‍ സമയക്ക് പുരസ്‌കാരം ലഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.