1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2020

സ്വന്തം ലേഖകൻ: തായ്‌ലൻഡിൽ വടക്കുകിഴക്കൻ നഗരമായ നഖോൺ രച്ചസീമയിലെ (കൊറാറ്റ്) ഷോപ്പിങ് മാളിൽ സൈനികൻ നടത്തിയ വെടിവയ്പിൽ 26 പേർ കൊല്ലപ്പെട്ടു. 21 പേർക്കു പരുക്കേറ്റു. കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ അക്രമി തൽസമയം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. സർജന്റ് മേജർ ജക്രപന്ഥ് തൊമ്മ ആണു സൈനികവാഹനവും ആയുധങ്ങളും കൈക്കലാക്കി രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടത്തിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെടിവയ്പു നടത്തിയ അക്രമി സെഞ്ചുറി 21 ഷോപ്പിങ് മാളിൽ ഒട്ടേറെപ്പേരെ ബന്ദികളാക്കി.

വ്യക്തിജീവിതത്തിലെ മാനസിക സംഘർഷങ്ങളാണ് അയാളെക്കൊണ്ട് ഇങ്ങനെയൊരു കടുംകൈ ചെയ്യിപ്പിച്ചത് എന്ന് പറയപ്പെടുന്നുണ്ട് എങ്കിലും, ഇതുസംബന്ധിച്ച് കൃത്യമായ ഒരു വിശദീകരണം ഇതുവരെ വന്നിട്ടില്ല.

നാഖോൻ രാച്ചസീമയിലെ ഏറ്റവും സജീവമായ ഷോപ്പിംഗ് സെന്ററുകളിൽ ഒന്നാണ് കോറാട്ട് എന്നും അറിയപ്പെടുന്ന ടെർമിനൽ 21 മാൾ. ശനിയാഴ്ച പ്രാദേശികസമയം മൂന്നുമണിയോടെയാണ് കമാൻഡോ സംഘം മാളിനുള്ളിലേക്ക് കടക്കുന്നതും, ആ അസോൾട്ട് ഓപ്പറേഷനിലെ ആദ്യ വെടിയൊച്ച മുഴങ്ങുന്നതും. സ്വാറ്റ് ഫോഴ്‌സ് അകത്തേക്ക് കടന്ന് നിമിഷങ്ങൾക്കകം ആ കൊലയാളി സൈനികനെ വധിച്ചു. ആ ആക്രമണത്തിനിടെ ഒരു കമാൻഡോയ്ക്ക് ഗുരുതരമായ പരിക്കേറ്റു, ആശുപത്രിയിലെത്തിച്ച് മിനിട്ടുകൾക്കകം അയാൾ മരിക്കുകയും ചെയ്തു.

തായ് പോലീസ് ഇപ്പോൾ മൃതദേഹങ്ങൾക്കായി ടെർമിനൽ 21 അരിച്ചു പെറുക്കുകയാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മരണസംഖ്യ 26 ആണ്. ആക്രമണം നടക്കുമ്പോൾ കോംപ്ലക്സിൽ എത്രപേരുണ്ടായിരുന്നു എന്നതിന് കൃത്യമായ കണക്കില്ലാത്തതുകൊണ്ടും, നിരവധിപേർ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ യൂണിറ്റിൽ കഴിയുന്നതുകൊണ്ടും മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.

വെടിയൊച്ച കേട്ടപ്പോൾ ബാത്‌റൂമിൽ കയറി വാതിലടച്ചും, മേശകൾ മറിച്ചിട്ട് അതിനുപിന്നിൽ ഒളിച്ചും, പറ്റുന്നിടത്തെല്ലാം മറഞ്ഞിരുന്നുമെല്ലാം പലരും ആ കൊലയാളിയുടെ കണ്ണിൽ പെടാതിരിക്കാൻ ശ്രമിച്ചു. എല്ലാവരും ആ ശ്രമത്തിൽ വിജയിച്ചില്ല. പലരെയും തോമ തെരഞ്ഞുപിടിച്ച് വെടിവെച്ചു കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന രംഗങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു.

ശനിയാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സ്വാതം ഫിതക്ക് സൈനികാസ്ഥാനത്ത്, കേണൽ അനന്തരോഷ് ക്റാഷേയും അയാളുടെ കീഴുദ്യോഗസ്ഥനായ സാർജന്റ് മേജർ ജാക്രഫാന്ത് തോമായും തമ്മിൽ കടുത്ത വാക്തർക്കങ്ങൾ ഉണ്ടാകുന്നു. തർക്കങ്ങൾക്കൊടുവിൽ, മനോനിയന്ത്രണം വെടിഞ്ഞ തോമാ തന്റെ മേലധികാരിയെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊല്ലുന്നു.

തർക്കത്തിന് സാക്ഷിയായിരുന്ന കേണലിന്റെ അറുപത്തിമൂന്നുകാരിയായ ഭാര്യാമാതാവിനെയും, മറ്റൊരു പട്ടാളക്കാരനെയും അയാൾ വധിക്കുന്നു. തുടർന്ന് മിലിട്ടറി ആസ്ഥാനത്തെ ആർമറിയിൽ നിന്ന് കയ്യിലെടുക്കാവുന്നത്ര ആയുധങ്ങൾ കൈക്കലാക്കി ഹമ്മർ മാതൃകയിലുള്ള ഒരു കവചിത വാഹനത്തിലേറി പുറത്തേക്ക്.

ഒരു കയ്യിൽ അസോൾട്ട് റൈഫിളുമേന്തി കണ്ണിൽ കാണുന്നവരെയൊക്കെ വെടിവെച്ചിട്ടുകൊണ്ട് ടെർമിനൽ മോളിനുള്ളിലേക്ക് നടന്നുകയറുമ്പോഴും അയാൾ ഫേസ്‌ബുക്കിൽ വീഡിയോ ലൈവ് പോകുന്നുണ്ടായിരുന്നു. ആദ്യം ഇട്ട പോസ്റ്റുകൾ “”ഇനി ആക്ഷൻ ടൈം ആണ്”, “മരണത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ല” എന്നൊക്കെ ആയിരുന്നു. ആളുകളെ കൊല്ലൽ ഒക്കെ കഴിഞ്ഞശേഷം വന്ന പോസ്റ്റുകളിലാകട്ടെ “ഇങ്ങനെയൊക്കെ സംഭവിച്ചു കഴിഞ്ഞു, ഇനിയിപ്പോൾ കീഴടങ്ങുന്നതാകുമോ നല്ലത്’ എന്ന മട്ടിലുള്ള സംശയങ്ങളും. ആക്രമണം തുടങ്ങി അധികം താമസിയാതെ ആ പൊലീസുകാരന്റെ അക്കൗണ്ട് ഫേസ്‌ബുക്ക് അധികൃതർ റദ്ദാക്കി.

എന്തായാലും ലോക്കൽ പോലീസിൽ നിന്നുള്ള കമാൻഡോ ഓപ്പറേഷനിൽ തോമാ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് നിലനിന്നിരുന്ന ഭീതി ഒഴിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇനി എത്ര പേർ മരിച്ചു, എത്ര പേർക്ക് പരിക്കേറ്റു എന്നൊക്കെ കണ്ടുപിടിക്കുന്ന തിരക്കിലാണ് പൊലീസ്. ഗവൺമെന്റ് ആയുധങ്ങൾ വിശ്വസിച്ചേൽപ്പിച്ച് നാടിൻറെ സുരക്ഷിതത്വം ഉറപ്പാക്കാൻ നിയുക്തനായ ഒരു സൈനിക കമാൻഡോ എങ്ങനെയാണ് അതേ ആയുധങ്ങൾ താൻ സംരക്ഷിക്കേണ്ട ജനങ്ങൾക്ക് നേരെത്തന്നെ തിരിച്ച് അവരെ കൊന്നുതള്ളാനുള്ള ഒരു മാനസികാവസ്ഥയിലേക്ക് എത്തിയത് എന്നതും സമാന്തരമായി അന്വേഷണവിധേയമായേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.