1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2020

സ്വന്തം ലേഖകൻ: തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ രണ്ടാമത്തെ ഫലം നെഗറ്റീവ്. അടുത്ത ഫലം കൂടി നെഗറ്റീവ് ആയാല്‍ ആശുപത്രി വിടാമെന്ന് അധികൃതര്‍ അറിയിച്ചു.
കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് ആരോഗ്യ മന്ത്രി നേരത്തെ പിന്‍വലിച്ചിരുന്നു.

എന്നാല്‍ സംസ്ഥാനത്ത് 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ വിമുക്തമാവൂ എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് കൊറോണ നിയന്ത്രണവിധേയമാക്കാന്‍ സാധ്യമായിട്ടുണ്ടെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

നിലവില്‍ കേരളത്തില്‍ വേറെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗ ബാധിതരുടെ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്. സംസ്ഥാനത്ത് നിലവില്‍ 3144 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 45 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. വുഹാനില്‍ നിന്നും കേരളത്തിലെത്തിയ 70 വിദ്യാര്‍ത്ഥികളില്‍ 66 പേരുടെയും ഫലം നെഗറ്റീവാണ്. ഒരു വിദ്യാര്‍ത്ഥിയുടെ പരിശോധനാഫലം കൂടി നിലവില്‍ പുറത്തുവരാനുണ്ട്.

അതേസമയം കൊറോണ വൈറസ് മൂലം ചൈനയില്‍ മരണം 800 കടന്നു. ലോകത്ത് സാഴ്‌സ് വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണയെ നേരിടാന്‍ ലോകരാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് ലോകാരോഗ്യ സംഘടനരംഗത്തെത്തിയിരുന്നു. 67 കോടി ഡോളറിന്റെ സഹായം വേണമെന്നാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.