1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2020

സ്വന്തം ലേഖകൻ: ചൈനീസ് കമ്പനികൾക്ക് നേരെയുളള വിവേചനപരമായ നടപടികൾ ഇന്ത്യ എത്രയും പെട്ടെന്ന് തിരുത്തണമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ചൈന.

ഇന്ത്യൻ ഉല്പന്നങ്ങൾക്കോ സേവനങ്ങൾക്കോ എതിരേ ചൈന ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളോ വിവേചന നടപടികളോ കൈക്കൊണ്ടിട്ടില്ലെന്നും വാണിജ്യ മന്ത്രാലയ വക്താവ് ഗവോ ഫെങ് പറഞ്ഞു. ഇന്ത്യയുടെ നടപടി വേൾഡ് ട്രേഡ് ഓർഗനൈസേഷൻ നിയമങ്ങൾ വിരുദ്ധമാണെന്നും ഗവോ പറഞ്ഞു.

അതിനിടെ പാന്‍ഗോങ് തടാകത്തില്‍ നിരീക്ഷണങ്ങള്‍ക്കായി ഇന്ത്യ ഹൈ സ്പീഡ് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ അയച്ചേക്കുമെന്ന് റിപ്പോർട്ട്. അതിര്‍ത്തിയില്‍ നിരീക്ഷണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2012 മുതല്‍ 17 ക്യുആര്‍ടി (ക്യുക്ക് റിയാക്ഷന്‍ ടീം) ബോട്ടുകള്‍ ഇവിടെ നിരീക്ഷണങ്ങള്‍ക്കായി ഇന്ത്യ ഉപയോഗിച്ചിരുന്നു. എന്നാല്‍ ടൈപ്പ് -928 ബി പട്രോള്‍ ബോട്ടുകളാണ് നിലവില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

എന്നാൽ ബോട്ടുകള്‍ ഇവിടേക്ക് എത്തിക്കുകയെന്നത് ബുദ്ധിമുട്ടേറിയ പ്രക്രിയയാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബോട്ടുകള്‍ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനുള്ള സാധ്യതയെക്കുറിച്ച് പരിശോധിക്കുന്നുണ്ട്. 134 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാന്‍ഗോങ് തടാകത്തിന്റെ മൂൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ കൈവശമാണ്.

അതേസമയം, അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈനയുമായി നയതന്ത്ര ചര്‍ച്ചകള്‍ വേണമെന്ന ഇന്ത്യന്‍ സേന ആവശ്യപ്പെട്ടു. സൈനികതല ചര്‍ച്ച അപൂര്‍ണമാണ്. അതിര്‍ത്തിയില്‍ ചൈനയുടെ സേനാവിന്യാസം നിരീക്ഷിച്ച് മാത്രം തുടര്‍നടപടിയുണ്ടാകൂ. പ്രശ്‌നത്തില്‍ റഷ്യയുടെ മധ്യസ്ഥതയ്ക്ക് ചൈന ശ്രമം തുടങ്ങിയിട്ടുണ്ട്. വ്യാപാര യുദ്ധത്തിലേക്ക് കടന്നാല്‍ ചൈന പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് ചൈന റഷ്യയെ ഉപയോഗപ്പെടുത്തി ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന നിലപാടിലാണ് ഇന്ത്യ.

അതിനിടെ കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സൈനിക തലത്തിൽ നടന്ന ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ ലെ സന്ദർശിക്കും.

ലെഫ്‌റ്റനന്‍റ് ജനറൽ ഹരീന്ദർ സിംഗ്, ചൈനീസ് മേജർ ജനറൽ ലിയു ലിനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഘട്ടം ഘട്ടമായി നിയന്ത്രണ രേഖയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ എത്തിയത്. ജൂൺ 6, 22, 30 തിയ്യതികളിൽ ഇരു സൈനിക ഉദ്യോഗസ്ഥരും ചർച്ചകൾ നടത്തി.

ഗൽവാൻ മേഖലയിൽ സംഘർഷാവസ്ഥക്ക് അയവ് വരുത്താൻ സൈനികരുടെ പിന്മാറ്റം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സൈനിക തലത്തിലും നയതന്ത്ര തലത്തിലുമുള്ള ചർച്ചകളിലൂടെ മേഖലയിൽ നിന്ന് പൂർണമായ ചൈനീസ് പിന്മാറ്റം സാധ്യമാക്കാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

നാളെ ലേയിൽ എത്തുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കരസേനാ മേധാവി എം.എം നരേവാണെയും സൈനികരുമായി ആശയ വിനിമയം നടത്തും. ലേയിൽ നിന്ന് അതിർത്തി മേഖലയിൽ കൂടി സന്ദർശനം നടത്താനാണ് രാജ്നാഥ് സിംഗ് ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.