1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2020

സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെ ചൈനീസ് കമ്പനിക്ക് നേരിടാന്‍ പോവുന്നത് വന്‍ സാമ്പത്തിക നഷ്ടം. ടിക് ടോക്ക്, ഹലോ, വിഗോ വീഡിയോ എന്നീ ആപ്പുകളുടെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിന് ഏകദേശം 4200 കോടി രൂപയുടെ ( 6 ബില്യണ്‍ ഡോളര്‍) നഷ്ടമാണ് ഉണ്ടാവാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 611 ദശലക്ഷം തവണയാണ് ടിക് ടോക് ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ലോകത്താകെ നടന്ന ടിക് ടോക് ഡൌണ്‍ലോഡിന്റെ 30.3 ശതമാനം വരുമിത്. കഴിഞ്ഞ വര്‍ഷം നടന്ന ഡൗണ്‍ലോഡുകളുടെ ഇരട്ടിയോളം വരുമിത്. ടിക് ടോക്, ഹലോ ആപ്പ് എന്നിവയുടെ വളര്‍ച്ച ദിനം പ്രതി ഇന്ത്യയില്‍ കൂടി വന്ന സാഹചര്യത്തില്‍ വന്ന വിലക്ക് ബൈറ്റ് ഡാന്‍സിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

അതേ സമയം ബൈറ്റ് ഡാന്‍സിന്റെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതും ചര്‍ച്ചയാവുന്നുണ്ട്. 2000 ത്തിലേറെ മുഴുവന്‍ സമയ ജീവനക്കാരാണ് ബൈറ്റ് ഡാന്‍സിന്റെ വിവിധ ആപ്പുകള്‍ക്കായി ഇന്ത്യയിലുണ്ടായിരുന്നത്.

എന്നാൽ ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനം ഇന്ത്യൻ ആപ്ലിക്കേഷനുകളുടെ ജനപ്രീതി വർധിപ്പിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചിങ്കാരിയും മിട്രോണുമടക്കമുള്ള ആപ്ലിക്കേഷനുകളുടെ ഡൗൺലോഡിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മിട്രോൺ ആപ്ലിക്കേഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. തുടക്കത്തിൽ വലിയ വിമർശനങ്ങൾ നേരിട്ടെങ്കിലും വേഗം തന്നെ ട്രാക്കിലെത്താൻ മിട്രോണിനായി. പ്രത്യേകിച്ച് ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനത്തിന് പിന്നാലെ. നിലവിൽ ഇന്ത്യയിൽ മാത്രം 17 മില്ല്യൺ ആളുകളാണ് മിട്രോൺ ഡൗൺലോഡ് ചെയ്തിരിക്കുന്നത്.

പയോക്താക്കൾ 10 വ്യത്യസ്ത ഭാഷകളിലായി ദശലക്ഷക്കണക്കിന് വീഡിയോകൾ അപ്‌ലോഡ് ചെയ്തുവെന്നും പ്ലാറ്റ്‌ഫോമിൽ കണ്ട വീഡിയോകളുടെ എണ്ണം കുത്തനെ വർദ്ധിച്ച് മണിക്കൂറിൽ 24 ദശലക്ഷം വീഡിയോ വ്യൂസ് മറികടന്നുവെന്നും മിട്രോൺ കമ്പനി അധികൃതർ വ്യക്തമാക്കി.

ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനത്തിന്റെ ആദ്യ 24 മണിക്കൂറുകളിൽ മാത്രം 2.5 ലക്ഷം പേരാണ് ബോലോ ഇന്ത്യ എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തത്. ഒരുകൂട്ടം ആളുകൾ മാറിയത് റൊപോസോ എന്ന് ആപ്ലിക്കേഷനിലേക്കാണ്. 65 മില്ല്യൺ ഇന്ത്യൻ ഉപയോക്താക്കളാണ് നിലവിൽ കമ്പനിക്കുള്ളത്.

ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമുകളിൽ വലിയ പ്രചാരം നേടിയ മറ്റൊരു ആപ്ലിക്കേഷനാണ് ചിങ്കാരി. ടിക്ടോക് നിരോധനത്തോടെ ഈ ആപ്ലിക്കേഷനും ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാക്കാൻ സാധിച്ചു. പത്ത് മില്ല്യൺ ആളുകളാണ് ചിങ്കാരി ഡൗൺലോഡ് ചെയ്തതെങ്കിൽ ഷെയർചാറ്റ് ഉപയോക്താക്കളുടെ എണ്ണം 100 മില്ല്യണായി വർധിച്ചു.

ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചതിനു പിന്നാലെ ടിക് ടോക്കിന്റെ ഇന്ത്യയിലെ സാന്നിധ്യത്തിനു ബദലാവാനുള്ള ശ്രമവുമായി ഇന്‍സ്റ്റഗ്രാം. 15 സെക്കന്റ് മ്യൂസിക് വീഡിയോയുമായി ഇന്‍സ്റ്റഗ്രാം റീലാണ് ഇന്ത്യയില്‍ നിലവില്‍ പരീക്ഷിക്കപ്പെടുന്നത്. മ്യൂസിക്കും ഉപയോക്താക്കളുടെ ശബ്ദവും കൂട്ടിച്ചേര്‍ക്കാന്‍ പറ്റുന്ന 15 സെക്കന്റ് വീഡിയോകളാണ് ഇന്‍സ്റ്റഗ്രാം റീല്‍സ്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിനിടെ ഇന്ത്യയിലെ മ്യൂസിക് ആപ്പായ സരീഗമയുമായി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ധാരണയായിട്ടുണ്ട്. സരിഗമയുടെ ലൈബ്രറിയിലുള്ള മ്യൂസ്‌ക്കുകളുടെ ആക്‌സസ് ഇവരുടെ ഉപയോക്താക്കള്‍ക്കും നല്‍കുന്നതാണ് കരാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.