1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2020

സ്വന്തം ലേഖകൻ: ജനകീയ ചൈനീസ് സമൂഹമാധ്യമമായ ടിക്ടോക്കിനെതിരെ കടുത്ത നടപടിയുമായി യുഎസും. ടിക്ടോക്കുമായോ ഉടമസ്ഥരായ ചൈനീസ് കമ്പനിയുമായോ ബന്ധപ്പെടുന്നതിനു നിരോധനമേർപ്പെടുത്തിയ ഉത്തരവാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തിറക്കിയത്. 45 ദിവസത്തിനുള്ളിൽ ഇതു പ്രാബല്യത്തിലാകും. ടിക്ടോക് നിരോധനത്തിനു മുന്നോടിയായാണ് ഉത്തരവിനെ വിലയിരുത്തുന്നത്.

“രാജ്യസുരക്ഷ മുൻനിർത്തി ടിക്ടോക്കിനും ഉടമകൾക്കുമെതിരെ യുഎസ് ശക്തമായ നടപടിയെടുക്കുകയാണ്. ഏതെങ്കിലും വ്യക്തികൾ ടിക്ടോക്കുമായോ അവരുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലുമായോ ഇടപാട് നടത്തുന്നതു നിരോധിച്ചു. ഉപയോക്താക്കളുടെ ലൊക്കേഷൻ ഡേറ്റ ഉൾപ്പെടെയുള്ള വിവരങ്ങൾ ഓട്ടമാറ്റിക്കായി ടിക്ടോക് ശേഖരിക്കുന്നുണ്ട്. അമേരിക്കൻ പൗരന്മാരുടെ വ്യക്തിവിവരങ്ങളടങ്ങിയ ഡേറ്റ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കു ലഭ്യമാണ്. ഇതു ദേശസുരക്ഷയ്ക്കു ഭീഷണിയാണ്,” എക്സിക്യുട്ടീവ് ഉത്തരവിൽ ട്രംപ് ചൂണ്ടിക്കാട്ടി.

ചൈനീസ് ആസ്ഥാനമായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക്കിന് 175 ദശലക്ഷം ഉപയോക്താക്കളാണു യുഎസിലുള്ളത്. സതേൺ കലിഫോർണിയയിലാണു യുഎസിലെ ആസ്ഥാനം. പൗരന്മാരുടെയും ഫെഡ‍റൽ ജീവനക്കാരുടെയും കരാറുകാരുടെയും മറ്റും വിവരങ്ങൾ കിട്ടുന്നതോടെ ഇവരെ ബ്ലാക്മെയിൽ ചെയ്യാനും കോർപ്പറേറ്റ് തലത്തിലുള്ള ചാരവൃത്തിക്കും ഡേറ്റ ഉപയോഗിക്കപ്പെടുമെന്നും യുഎസ് ആശങ്കപ്പെടുന്നു. അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ 29ന് ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.