1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2019

സ്വന്തം ലേഖകൻ: അയ്യായിരത്തിലധികം ആളുകള്‍ മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ 270ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ആദരമര്‍പ്പിക്കാന്‍ ശ്രീരംഗ പട്ടണത്തിലെ ശവകൂടീരത്തിലെത്തി.
ക്രമസമാധാനപാലനത്തിനു വേണ്ടി അതിശക്തമായ സുരക്ഷയാണ് ശ്രീരംഗപട്ടണത്തിലുട നീളം ഒരുക്കിയത്.

1799 മേയ് നാലിന് ശ്രീരംഗപട്ടണത്ത് വച്ച് ബ്രിട്ടീഷുകാരുമായി നടന്ന ആംഗ്ലോ- മൈസൂര്‍ യുദ്ധത്തിലാണ് സുൽത്താൻ മരണപ്പെടുന്നത്. ശ്രീരംഗപട്ടണത്ത് ഗുംബാസില്‍ മാതാപിതാക്കളായ ഹൈദരലിയുടെയും ഫക്രുന്നീസയുടെയും അരികിലായിട്ടാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് മൈസൂര്‍ കടുവ എന്നറിയപ്പെടുന്ന ടിപ്പു സുല്‍ത്താന് ആദരമര്‍പ്പിക്കാന്‍ ചരിത്ര നഗരത്തില്‍ എത്തിച്ചേര്‍ന്നത്. മൈസൂരിലെ നരസിംഹരാജ മണ്ഡത്തിലെ കോണ്‍ഗ്രസ്സ് എം.എല്‍.എയും മുന്‍മന്ത്രിയുമായിരുന്ന തന്‍വീര്‍ സെയ്ത്ത് ടിപ്പുവിന്റെ ശവകൂടീരത്തിലെത്തി ആദരമര്‍പ്പിച്ചു.

ഞായറാഴ്ച വൈകിട്ട് നാല് മണി ആകുമ്പോഴേയ്ക്കും 5000 ല്‍ അധികം ആളുകള്‍ ടിപ്പുസുല്‍ത്താന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ എത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച ആകുമ്പോഴേയ്ക്കും 10000 ആളുകള്‍ എത്തുമെന്നാണ് ടിപ്പു വഖഫ് എസ്റ്റേറ്റ് സെക്രട്ടറി ഇര്‍ഫാന്‍ പാഷ ദ ഹിന്ദുവിനോട് പറഞ്ഞത്.

ടിപ്പുവിന്റെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാതെ മതസൗഹാര്‍ദ്ദവും ദേശീയ ഐക്യവും ഉയര്‍ത്തിപ്പിടിച്ച ശ്രീരംഗപ്പട്ടണത്തിലെ ആളുകളെ പാഷയും ഗുംബാസിലെ മറ്റ് നേതാക്കളും പ്രശംസിച്ചു. ടിപ്പുവിന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചെഴയ്ക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് ശ്രീരംഗപട്ടണത്തിലെ നിവാസികളും പറഞ്ഞു.

100 കണക്കിന് കുടുംബങ്ങളാണ് ടിപ്പുവിന്റെ പേരിലുള്ള സ്മാരകങ്ങളും അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയും ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്നത്. നവംബര്‍ പത്ത് ടിപ്പു ജയന്തിയായി ആഘോഷിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ സര്‍ക്കാര്‍ 2015 ല്‍ തീരുമാനിച്ചത് വൻ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. ടിപ്പു മതഭ്രാന്തനാണെന്നു പറഞ്ഞ് ബി.ജെ.പി സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്തുകയും ചെയ്തു.

പ്രതീക്ഷിച്ച പോലെതന്നെ യെദിയൂരപ്പ മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്നപ്പോള്‍ ടിപ്പുജയന്തി ആഘോഷിക്കാനുള്ള തീരുമാനം റദ്ദാക്കി. കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നത് നിര്‍ത്തലാക്കിയ നടപടി സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിർദേശിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.