1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2019

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് ജനപ്രതിനിധിസഭ ജുഡീഷ്യറി കമ്മിറ്റിയുടെ ഭൂരിപക്ഷ വോട്ട്. പ്രമേയം ഇനി മുഴുവൻ അംഗ ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കും. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയാലും സെനറ്റിന്റെ കൂടി അംഗീകാരമുണ്ടെങ്കിലെ ട്രംപിനെ പുറത്താക്കാൻ സാധിക്കു.

41 അംഗ ജുഡീഷ്യറി കമ്മിറ്റിയിൽ 23 ഡെമോക്രാറ്റുകൾ ട്രംപിനെതിരെ വോട്ട് ചെയ്തപ്പോൾ 17 റിപ്പബ്ലിക്കൻ അംഗങ്ങൾ എതിർത്തു. പതിനാറ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു വോട്ടെടുപ്പ്. ഇംപീച്ച്മെന്റ് പ്രമേയം ഇനി മുഴുവൻ അംഗ ജനപ്രതിനിധിസഭയിൽ ക്രിസ്മസിന് മുമ്പ് തന്നെ അവതരിപ്പിക്കും. 435 അംഗങ്ങളാണ് ജനപ്രതിനിധി സഭയിലുള്ളത്. ഇതിൽ 233 പേർ ഡെമോക്രാറ്റുകളും 197 പേർ റിപ്പബ്ലിക്കൻ ജനപ്രതിനിധികളുമാണ്. ഇതിനാൽ മുഴുവൻ അംഗ ജനപ്രതിനിധിസഭയും ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കാനാണ് സാധ്യത.

എന്നാൽ, പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ട്രംപിനെ പുറത്താക്കാൻ സെനറ്റിന്റെ കൂടി അംഗീകാരം വേണമെന്നതാണ് ഡെമോക്രാറ്റുകളെ കുഴപ്പത്തിലാക്കുന്നത്. സുപ്രിംകോടതി ജഡ്ജിമാരുടെ സാന്നിധ്യത്തിൽ 100 സെനറ്റർമാർ അടങ്ങിയ ജൂറി ട്രംപിനെ വിചാരണ ചെയ്യും. തുടർന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചാൽ മാത്രമേ ശിക്ഷ നടപ്പിലാക്കാനാകൂ. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് മേൽക്കൈ എന്നത് കൊണ്ടുതന്നെ ട്രംപ് ഇംപീച്ച്മെന്റിൽ നിന്ന് രക്ഷപ്പെടും.

വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിന് ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്ന കുറ്റമാണ് ഇംപീച്ച്മെന്റ് നടപടികളിലേക്ക് വഴിതെളിച്ചത്. 2020ലെ പൊതുതെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയാകാൻ സാധ്യതയുള്ള ജോ ബൈഡനെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഉക്രൈൻ പ്രസിഡന്റിനോട് ട്രംപ് ആവശ്യപ്പെട്ടു എന്നാണ് ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.