1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2020

സ്വന്തം ലേഖകൻ: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ജനപ്രതിനിധിസഭ പാസാക്കിയ ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റിലേക്ക്. ഇക്കാര്യത്തിൽ പ്രതിനിധി സഭയിൽ ഇന്നലെ വോട്ടെടുപ്പ് പൂർത്തിയായി. ഈ മാസം 21ന് സെനറ്റിൽ ട്രംപിന്‍റെ വിചാരണ നടപടികൾക്ക് തുടക്കം കുറിക്കും. അധികാര ദുർവിനിയോഗം, കോൺഗ്രസ് നടപടികളെ തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളുടെ പേരിൽ കഴിഞ്ഞ മാസമാണ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത്.

ഇംപീച്ച്മെന്‍റ് നടപടികളുമായി ബന്ധെപ്പട്ട പ്രമേയ രേഖകളും മറ്റും സെനറ്റിന് കൈമാറുന്ന നടപടിക്രമമാണ് വോട്ടെടുപ്പിലൂടെ പൂർത്തിയായത്. സെനറ്റിൽ ട്രംപിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഏഴംഗ പാനലിലെ സ്പീക്കർ നാൻസി പെലോസി തെരഞ്ഞെടുത്തു. ജനുവരി 21ന് ട്രംപിന്‍റെ വിചാരണക്ക് മറ്റു തടസങ്ങളൊന്നും ഇനി ബാക്കിയില്ല. ഇംപീച്ച്മെന്‍റ് പ്രമേയം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഉപരി സഭയായ സെനറ്റ് സംഗീകരിച്ചാൽ മാത്രമേ ട്രംപിനെ നീക്കം ചെയ്യാനാവൂ.

പ്രമേയം ഔദ്യോഗികമായി സെനറ്റിലേക്ക് അയക്കുന്ന നടപടിക്രമം പൂർത്തിയായെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭുരിപക്ഷമുള്ള സഭയിൽ ഇംപീച്ച്മെന്‍റ് പ്രമേയം പാസാവാനുള്ള സാധ്യത കുറവാണ്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപിന്‍റെ പ്രതിഛായക്ക് കാര്യമായ ക്ഷതം ഏൽപ്പിക്കാൻ ഇംപീച്ച്മെന്‍റ് നടപടികൾ ഉപകരിക്കുമെന്നാണ് ഡമോക്രാറ്റുകളുടെ പ്രതീക്ഷ. അമേരിക്കയുടെ ചരിത്രത്തിൽ ഇംപീച്ച്മെന്‍റ് നടപടിക്ക് വിധേയമാകുന്ന മൂന്നാമത്തെ പ്രസിഡൻറാണ് ഡൊണാൾഡ് ട്രംപ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.