1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2019

സ്വന്തം ലേഖകൻ: ഹോങ്കോങ് പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് യുഎസ്. നീക്കത്തിനെതിരെ ചൈന രംഗത്ത്. ഹോങ്കോങ്ങിൽ ജനാധിപത്യവാദികൾ നടത്തിവരുന്ന പ്രക്ഷോഭത്തിൽ യുഎസിനു പങ്കുണ്ടെന്ന് കാലങ്ങളായി ചൈന ഉയർത്തുന്ന ആരോപണമാണ്. ബെയ്ജിങ്ങിന്റെ ജനാധിപത്യ വ്യവസ്ഥകള്‍ക്കുമേലുള്ള കടന്നു കയറ്റമെന്നാണു യുഎസ് നടപടിയെ ചൈന വിശേഷിപ്പിച്ചതും. ട്രംപിന്റെ നടപടിയെ ശക്തമായി അപലപിച്ച ചൈന ബില്ലിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു യുഎസിന് മുന്നറിയിപ്പു നൽകുകയും ചെയ്തു.

ഹോങ്കോങ്ങിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ജനാധിപത്യവാദികൾ ഉജ്വല വിജയം നേടിയതോടെ ഭരണകൂടത്തിനെതിരായ വികാരത്തിനൊപ്പം നിൽക്കാൻ യുഎസ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. 452 ജില്ലാ കൗൺസിൽ സീറ്റുകളിൽ 388 എണ്ണം, 6 മാസമായി പ്രക്ഷോഭം തുടരുന്ന ജനാധിപത്യവാദികൾ പിടിച്ചെടുത്തത് ചൈനയ്ക്കു കനത്ത പ്രഹരമായി. ചൈന അനുകൂല വിഭാഗത്തിന് വെറും 59 സീറ്റുകളേ ലഭിച്ചുള്ളൂ. 5 സ്വതന്ത്രന്മാരും ജയിച്ചു. നിലവിൽ ജനാധിപത്യചേരിക്ക് 125 സീറ്റുകളാണ് ഉണ്ടായിരുന്നത്.

അതിനിടെ ഹോങ്കോങ് ജനാധിപത്യവാദികളെ പിന്തുണയ്ക്കുന്ന ബില്‍ നടപ്പാക്കുന്നതിൽ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് യുഎസ് അംബാസഡറെ ചൈന വിളിച്ചു വരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാതാരിക്കാനാണ് ഈ ആവശ്യമെന്നും ബില്ലിന്മേൽ കനത്ത പ്രതിഷേധം അറിയിക്കുന്നതായും ചൈനീസ് ഉപ വിദേശകാര്യമന്ത്രി ലെ യുചേങ് അറിയിച്ചു.

തെറ്റ് തിരുത്താൻ യുഎസ് തയാറാകണമെന്നും അംബാസഡർ ടെറി ബ്രാൻസ്റ്റഡിനോട് ചൈന ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് ഹോങ്കോങ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി ആക്ട് 2019ൽ (ഹോങ്കോങ് മനുഷ്യാവകാശ ജനാധിപത്യ നിയമം) ട്രംപ് ഒപ്പുവച്ചത്. സെനറ്റിലെ ഒരംഗം ഒഴികെ ബാക്കിയെല്ലാവരും ബില്ലിനെ പിന്തുണച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.